
കൊച്ചി: നിര്‍ദിഷ്ട യോഗ്യതയില്ലാത്തവയാണു സംസ്ഥാനത്തെ ദേശീയ, സംസ്ഥാനപാതകളെന്നു ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുമ്പ് കോടതിയില്‍നിന്ന് അനുകൂലവിധി നേടാനാണു നീക്കം. ദേശീയ, സംസ്ഥാന പദവി ഇല്ലാതാകുന്ന റോഡുകളുടെ അരികിലുള്ള മദ്യശാലകള്‍ തുറക്കാന്‍ ഇതോടെ സാഹചര്യമൊരുങ്ങും.
പല ദേശീയ, സംസ്ഥാന പാതകള്‍ക്കും കേരള സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനില്‍ (കെ.എസ്.എസ് 1974) നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇല്ലെന്നു കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിക്കുന്നത്. സംസ്ഥാന പാതകള്‍ക്ക് 30 മീറ്റര്‍ വീതിയും പ്രധാന കവലകളില്‍ സര്‍വീസ് റോഡുകളും വേണമെന്നാണു ചട്ടം. ദേശീയപാതയ്ക്കു 45 മീറ്റര്‍ വീതി വേണം. സംസ്ഥാനത്തെ പ്രധാന ദേശീയ, സംസ്ഥാനപാതകള്‍ക്ക് മാനദണ്ഡങ്ങളില്‍ പറയുന്ന വീതി ഇല്ലെന്നതാണു പ്രധാന ആരോപണം.
കള്ളുഷാപ്പ് ഉള്‍പ്പെടെ 1,066 മദ്യശാലകളാണ് കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ഉണ്ടായിരുന്നത്. 31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 11 എണ്ണവും 815 ബിയര്‍ - വൈന്‍ പാര്‍ലറുകളില്‍ 619 എണ്ണവും 270 ബിവറേജസ് ഔട്ട്ലെറ്റുകളില് 134 എണ്ണവും 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില് 18 എണ്ണവും സുപ്രീം കോടതിവിധി വന്നതോടെ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ ചിലത് ഹൈക്കോടതി വിധിയെത്തുടര്‍ന്നു തുറന്നതിനു പിന്നാലെയാണു മറ്റു ബാറുടമകള്‍ കോടതിയെ സമീപിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ ഹൈവേ റോഡ് ആയ എം.സി. റോഡിന്റെ ശരാശരി വീതി 15 മീറ്ററാണ്. ഈ പാതയുടെ ഓരത്ത് നൂറ്റി അറുപതോളം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുണ്ട്. എം.സി. റോഡരികിലുള്ള അബ്കാരികളാണ് പ്രധാനമായും കോടതിയെ സമീപിക്കുന്നത്. നേരത്തേ എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ദൂരപരിധി പാലിക്കാതെ ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പാതയോരങ്ങളില്‍ നാലു ബാറുകളും 73 ബിയര്‍-വൈന്‍ പാര്‍ലറുകളും ഒമ്പതു വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളും തുറന്നത്. മദ്യവില്പനശാലകള് ദേശീയ, സംസ്ഥാന പാതകളില്‍നിന്നു കാണാവുന്ന വിധത്തിലാകരുത്, ഈ പാതകളില്‍നിന്നു നേരിട്ടെത്താവുന്ന സ്ഥലത്താകരുത്, പാതകളുടെയോ അവയുടെ സര്‍വീസ് ലെയ്നിന്റെയോ 500 മീറ്റര്‍ പരിധിക്കുള്ളിലാകരുത് തുടങ്ങിയ വ്യവസ്ഥകളാണ് സുപ്രീം കോടതി ഏര്‍പ്പെടുത്തിയത്. ഇത്തരത്തിലുള്ള റോഡുകളുടെ വിവരങ്ങള്‍ മറച്ചുവച്ചാണ് പലരും അനുകൂല വിധി സംഘടിപ്പിച്ചത്.
മദ്യം ലഭിക്കുന്ന സ്ഥലം വ്യക്തമാക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും ദേശീയ, സംസ്ഥാന പാതകളില്‍ അനുവദിക്കരുതെന്ന നിര്‍ദേശവും പലരും പാലിക്കുന്നില്ല. എന്‍.എച്ച് 66-ല്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗത്തിന് ദേശീയപാത പദവിയില്ലെന്നു വാദിച്ച് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്കാന് എക്സൈസിനോടു നിര്‍ദേശിച്ചിരുന്നു. കൊച്ചിയിലും പെരുമ്പാവൂരിലും പാലായിലും നേരത്തേ ഇത്തരത്തില്‍ കോടതി അനുമതി തേടി മദ്യശാലകള്‍ തുറന്നിരുന്നു.
മദ്യശാലകള്‍ തുടങ്ങുന്നതിന് പഞ്ചായത്തിന്റെ അനുമതി (എന്‍.ഒ.സി.) ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനവും അബ്കാരികള്‍ക്കു ഗുണം ചെയ്യും. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് എന്‍.ഒ.സി. നിര്‍ബന്ധമാക്കിയത്. പഞ്ചായത്തിന്റെ എന്‍.ഒ.സി ലഭിക്കുന്നതിന് പലപ്പോഴും തടസം നേരിടുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇത് മറികടക്കാനാണ് നിയമഭേദഗതിക്കു സര്‍ക്കാര്‍ തീരുമാനിച്ചത്.






