
കൊല്‍ക്കത്ത: ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പ്ളസ് ടൂ പരീക്ഷ എഴുതിയതില്‍ മകനും അമ്മയും ജയിച്ചപ്പോള്‍ അച്ഛന് തോറ്റു. മകന് 50 ശതമാനം മാര്‍ക്ക് വാങ്ങിയപ്പോള്‍ മാതാവിന് 45 ശതമാനം കിട്ടി വിജയിച്ചപ്പോള്‍ പിതാവ് അടുത്ത വട്ടം പരീക്ഷ എഴുതാനുള്ള നീക്കത്തിലാണ്. കൊല്‍ക്കത്തയിലെ മൊണ്ടാല്‍ കുടുംബത്തിലെ മൂന്ന് പേരാണ് ഒരുമിച്ച് പരീക്ഷയെഴുതി വാര്‍ത്ത സൃഷ്ടിച്ചത്.
നാദിയാ ജില്ലയിലെ ദണ്ഡാല ഹസ്രപ്പൂര്‍ സ്കൂളില്‍ ഒരേ ക്ളാസ്സ് മുറിയില്‍ ഇരുന്നാണ് മൂന്ന് പേരും പഠിച്ചത്. ഒരുമിച്ചു പഠിക്കാനും പുസ്തകചെലവ് ഒഴിവാക്കാനുമായി മൂന്ന് പേരും പഠിച്ചതും ഒരു വിഷയം തന്നെയായിരുന്നു. മകന്. ബിപ് ലാപ്പ് ട്യൂഷന് സെന്ററില്‍ പോയി പഠിച്ച് വീട്ടില്‍ വന്ന അച്ഛനെയും അമ്മയെയും പഠിപ്പിക്കാറായിരുന്നു പതിവ്. എന്നാല്‍ മാതാവ് കല്യാണിക്കും ബിപ് ലാപ്പിനും മാത്രമാണ് ജയിക്കാനായത്. അതേസമയം പുനര്‍ മൂല്യ നിര്ണ്ണയത്തിനൊരുങ്ങുകയാണ് പിതാവ് 42 കാരന് ബലറാം.
അതില്‍ പാസ്സായില്ലെങ്കില്‍ ഒന്നു കൂടി എഴുതാനാണ് ബാലറാമിന്റെ പദ്ധതി. എന്നാല്‍ പരീക്ഷ ജയിച്ച അമ്മയും മകനും ഉപരി പഠനത്തിനായി ഒരുങ്ങുകയാണ്. ബിരുദത്തിന് ഒരേ വിഷയം തന്നെ പഠിക്കാനാണ് തയ്യാറെടുക്കുന്നത്. വെസ്റ്റ് ബംഗാള്‍ കൗണ്‍സില്‍ ഓഫ് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്റെ പരീക്ഷ ഒന്നിച്ച് എഴുതുന്നത് നേരത്തേ തന്നെ വാര്‍ത്തയായിരുന്നു. വിവാഹത്തോടെ നിന്നുപോയ പഠനം മുമ്പോട്ട് കൊണ്ടുപോകാനായിരുന്നു ബാലറാം വീണ്ടും പരീക്ഷയെഴുതിയത്. എന്തായാലും അടുത്ത തവണ അച്ഛനെ ജയിപ്പിച്ചെടുക്കുമെന്ന വാശിയിലാണ് ബിപ്പ് ലാപ്പ്. ബിപ്പ് ലാപ്പിന്റെ സഹായമായിരുന്നു അമ്മയെ പരീക്ഷ ജയിപ്പിച്ചത്.
ബിപ്പ്ലാപ്പ് പഠിച്ച വിഷയം വീട്ടില്‍ വന്ന് മാതാപിതാക്കളെ പഠിപ്പിക്കും. ആടു മേയ്ക്കല്‍ ജോലി ചെയ്തിരുന്ന മാതാവ് പാട്ടികബാരി ഗ്രാമത്തില്‍ തന്റെ ആടുകളെ മേയാന്‍ വിട്ട ശേഷം മരത്തിന്റെ ചുവട്ടിലിരുന്നു കൊണ്ടാണ് കല്യാണി വിഷയങ്ങള്‍ പഠിച്ചെടുത്തത്.






