
കോട്ടയം: ക്നാനായ സഭയിലെ സ്വവംശവാദം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. വല്യമ്മ (അമ്മയുടെ അമ്മ) ക്നാനായ സമുദായാംഗമല്ലെന്ന് കാണിച്ച് ക്നാനായ യുവാവിന് വിവാഹക്കുറി (ദേശക്കുറി)നിഷേധിച്ചതിനെതിരെയുള്ള കീഴ്ക്കോടതി വിധികള്‍ ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ വര്‍ഷം ജനുവരി 30ന് ജസ്റ്റീസ് കെ.ഹരിലാലിന്റെ ബെഞ്ചായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.
സ്വവംശ വിവാഹം പാലിക്കണമെന്ന മാര്‍പാപ്പ നിര്‍ദേശിച്ചിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി സഭയുടെ അപ്പീല്‍ തള്ളിയത്. സ്വവംശതത്വം പാലിക്കാത്തവരെ പുറത്താക്കുന്ന രൂപതയുടെ നടപടി കാനോന്‍ നിയമത്തിനെതിരാണ്. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ, സ്വവംശ വിവാഹ നിഷ്ഠ ഉപേക്ഷിക്കണമെന്ന് ഔദ്യോഗികമായി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ആഹ്വാനങ്ങള്‍ക്കും ബൈബിള്‍ വചനങ്ങള്‍ക്കും തന്നെ എതിരാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പ് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നും കോടതി നീരീക്ഷിച്ചു.
വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കളുടെ വിവരങ്ങള്‍ അടങ്ങുന്ന കത്ത് ഇരുവരുടേയും ഇടവകകളിലേക്ക് പരസ്പരം കൈമാറുന്നതിനായി ഇടവട വികാരിമാര്‍ നല്കുന്ന സമ്മതപത്രമാണ് വിവാഹക്കുറി.
കോട്ടയം രൂപതയില്‍പെട്ട കിഴക്കേ നട്ടാശ്ശേരി ഇടവകാംഗമായ ഉറവണക്കളത്തില്‍ ബിജു ഉതുപ്പിനാണ് സ്വവംശ വിഷയം ഉന്നയിച്ച് 1989ല്‍ സഭ വിവാഹക്കുറി നിഷേധിച്ചതാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ഇടവക വികാരി ഫാ.ജോര്‍ജ് മുഞ്ഞാങ്കലിനെയാണ് ബിജു വിവാഹക്കുറിയ്ക്കായി സമീപിച്ചത്. ബിജുവിന്റെ അമ്മയുടെ അമ്മ ലത്തീന്‍ സമുദായത്തില്പെട്ടയാളായിരുന്നുവെന്ന് കാണിച്ച് രൂപത കുറി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ബിജുവിന്റെ മാതാപിതാക്കളുടെ വിവാഹവും മൂത്ത സഹോദരങ്ങളുടെ വിവാഹവും ക്നാനായ ആചാരപ്രകാരം കുറി നല്കി നടത്തിയിരുന്നു. ക്നാനായ സഭയില്‍ പെട്ട യുവതിയുള്ള വിവാഹം നിഷേധിക്കുന്നതില്‍ തന്റെ കാര്യത്തില്‍ രൂപതില്‍ ചിലരുടെ വിരോധമാണ് കുറി നിഷേധിക്കാന്‍ കാരണമെന്നും ബിജു ആരോപിച്ചിരുന്നു.
തനിക്ക് വിവാഹക്കുറി നല്കാന് സഭയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 1898ല്‍ കോട്ടയം മുന്‍സിഫ് കോടതിയെയാണ് ബിജു ആദ്യം സമീപിച്ചത്. ബിജുവിന്റെ വാദം അംഗീകരിച്ച കോടതി കുറി നല്കാന് രൂപതയോട് നിര്‍ദേശിച്ചു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. മാത്രമല്ല, പിന്നീട് ബിജുവിന്റെ കുഞ്ഞിന് മാമോദീസ അടക്കമുള്ള കൂദാശയും നിഷേധിക്കപ്പെട്ടു. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ബിജു മുന്നോട്ടുവന്നതോടെ 2004ല്‍ വിധിക്കെതിരെ കോട്ടയം രൂപത ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും കീഴ്കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു. വിധി പാലിക്കാന്‍ ആവശ്യപ്പെട്ട് ബിജു രൂപതയെ സമീപിച്ചുവെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചുവെന്ന് പറഞ്ഞ് സഭ ഒഴിഞ്ഞുമാറി. ബിജുവിന്റെ സമ്മര്‍ദ്ദം ശക്തമായതോടെ 2016ല്‍ സഭ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
ആര്.എസ്.എസ് നമ്പര്‍ 64/2017 ആയാണ് അപ്പീല്‍ പരിഗണിച്ചത്. കോട്ടയം രൂപതയുടെ സ്ഥാപന ബൂളായില്‍ സ്വവംശവിവാഹം പാലിക്കണമെന്ന് അന്നത്തെ മാര്‍പാപ്പ നിര്‍ദേശിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. രൂപതാംഗങ്ങള്‍ അല്ലാത്തവരെ വിവാഹം ചെയ്യരുതെന്നോ അങ്ങനെ വിവഹം ചെയ്തവരെ പുറത്താക്കണമെന്നോ മാര്‍പാപ്പ പറഞ്ഞിട്ടുമില്ല. ക്രൈസ്തവ സഭയില്‍ പ്രത്യേകിച്ച് കത്തോലിക്കാ സഭയില്‍ ജാതിയും സമുദായവരുമില്ല. ഒരാള്‍ ക്രിസ്ത്യാനിയായാല്‍ അയാള്‍ ജാതി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ക്രൈസ്തവരാകുന്ന ദളിതര്‍ക്കുള്ള ആനുകൂല്യം നല്‍കാത്തത്. എല്ലാ റീത്തിലും പെട്ടവര്‍ സമന്മാരാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹക്കുറി സഭ നിഷേധിച്ചതോടെ സീറോ മലബാര്‍ സഭയില്‍പെട്ട മറ്റൊരു പള്ളിയില്‍ വച്ചായിരുന്നു ബിജുവിന്റെ വിവാഹം. ക്രൈസ്തവ വിശ്വാസത്തിന് നിരക്കാത്തതാണ് സ്വവംശ വിവാഹനിഷ്ഠയെന്ന് കാണിച്ച് ക്നാനായ കത്തോലിക്കാ നവീകരണ സമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണവും സമരവും തുടരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വരുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതായി നവീകരണ സമിതി പ്രസിഡന്റ് ടി.ഒ ജോസഫ്, ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യൂ എന്നിവര്‍ അറിയിച്ചു. എന്നാല്‍ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് സഭാധികൃതരുടെ മറുപടി.
രക്തശുദ്ധി എന്ന വാദം ഉയര്‍ത്തിയാണ് ക്നാനായ സഭ മറ്റു സഭാ വിഭാഗങ്ങളുമായുള്ള വിവാഹബന്ധം നിഷേധിക്കുന്നത്. ക്നായി തോമ്മ എന്ന വിശ്വാസ സ്ഥാപകനൊപ്പം മിഡില്‍ ഈസ്റ്റില്‍ നിന്ന് കേരളത്തില്‍ കുടിയേറിയ 72 കുടുംബങ്ങളുടെ വംശപരമ്പരയാണ് ക്നാനായ സമുദായം.






