
പട്ന: ഭൂമിയുടെ വ്യാജ ഉടമസ്ഥാവകാശം കാണിച്ച പെട്രോള്‍ പമ്പ് സംഘടിപ്പിച്ചുവെന്ന ആരോപണത്തില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകനും ബിഹാര്‍ മന്ത്രിയുമായ തേജ് പ്രതാപിനെതിരെ ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ നോട്ടീസ്. പെട്രോള്‍ പമ്പ് സ്ഥാപിച്ച ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ബിപിസിഎല്‍ അന്വേഷണത്തിന് തയ്യാറാകുന്നത്. പെട്രോള്‍ പമ്പിനുള്ള അനുമതി റദ്ദാക്കാതിരിക്കാന്‍ ജൂണ്‍ പത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കേസും. ചിത്കോറയില് പട്ന-അനിസബാദ് ബൈപാസിലാണ് പുതിയ പമ്പിന് തേജ് പ്രതാപ് അപേക്ഷിച്ചത്. 2012ല്‍ പമ്പ് അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അത് തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ അലോട്ട്മെന്റ് വ്യവസ്ഥകളില്‍ ലംഘനം നടത്തിയ തേജ് പ്രതാപിന്റെ പമ്പിനുള്ള ലൈസന്‍സ് റദ്ദാക്കുമെന്നാണ് ബിപിസിഎല്ലിന്റെ നിലപാട്.






