
പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുമായി ബന്ധപ്പെട്ട് തര്‍ക്കിച്ചു പിണങ്ങിയ സഹപാഠികളില്‍ ഒരാള്‍ എതിരാളിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എതിരാളിയെ പഠനത്തില്‍ പിന്നിലാക്കുക എന്ന ലക്ഷ്യത്തില്‍ മാനസീകമായി പീഡിപ്പിക്കാന്‍ കുളിമുറിയില്‍ ഒളി ക്യാമറ വെച്ച് പകര്‍ത്തുകയും മൊബൈലില്‍ സൂക്ഷിക്കുകയും ചെയ്ത ദൃശ്യം പുറത്തായി സാമൂഹ്യമാധ്യമങ്ങളില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി പോലീസിലും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ബംഗലുരുവിലെ യലഹങ്ക എഞ്ചിനീയറിംഗ് കോളേജില്‍ കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗിന് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളില്‍ തൃശൂരുകാരി പാലക്കാടുകാരിയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. പഠിക്കാന്‍ മിടുക്കികളായ ഇരുവരും ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഇവരില്‍ പഠിക്കാന്‍ മിടുക്കിയായിരുന്നയാള് എതിരാളിയെ പരിഹസിക്കുക പതിവായിരുന്നു. ഏറ്റവും അടുത്തു കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നപ്പോഴും നന്നായി പഠിക്കുന്നയാള്‍ക്ക് മാര്‍ക്ക് കിട്ടുകയും എതിരാളിക്ക് മാര്‍ക്ക് കുറവ് കിട്ടുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചു.
മികച്ച രീതിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ മാനസീകമായി തകര്‍ക്കാനും അതിലൂടെ പഠനത്തിലുള്ള മികവ് നഷ്ടപ്പെടുത്താനും വേണ്ടി എതിരാളി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഒളി ക്യാമറ. തുടര്‍ന്ന് എതിരാളിയുടെ കുളിരംഗം മൂന്ന് ദിവസത്തോളം ഒളി ക്യാമറ വെച്ച് മറ്റേയാള്‍ പകര്‍ത്തുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ സേവ് ചെയ്ത് എതിരാളിയെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനിടയില്‍ ഫോണ്‍ കേടാകുകയും അറ്റകുറ്റ പണികള്‍ക്കായി ബാംഗ്ളൂര്‍ നഗരത്തിലെ ഒരു കടയില്‍ നല്‍കുകയും ചെയ്തു. ഈ കടയില്‍ നിന്നും പിന്നീട് ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ എത്തി.
സംഭവത്തില്‍ ഇരയാക്കപ്പെട്ട തൃശൂര്‍ സ്വദേശിനി പോലീസിലും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് കുറ്റവാളിയായ പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കി. സംഭവത്തില്‍ ബാംഗ്ളൂര്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല.






