
റാംപൂര്‍: സമുദായ ഐക്യത്തിന്റെ ഉത്തമ മാതൃകയായി മൊറാദാബാദിലെ രണ്ട് ആരാധനാലയങ്ങള്‍. ഇവിടുത്തെ ക്ഷേത്രത്തിലും മുസ്ലീം പള്ളിലും ആരാധനായ്ക്ക് ഉച്ചഭാഷി ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഇരുസമുദായങ്ങളും ചേര്‍ന്ന് എടുത്തിരിക്കുന്നത്. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ അവര്‍ അഴിച്ചുമാറ്റി.
മുന്‍പ് ഇവിടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ഈ വിശുദ്ധ റമദാനില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ രണ്ടു സമുദായങ്ങളും തയ്യാറായതിനെ പോലീസും ജില്ലാ ഭരണകൂടവും അഭിനന്ദിക്കുകയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ചക്രമണി ത്രിപാഠി പറഞ്ഞു.
ഇരു സമുദായങ്ങളും ആരാധന സമയത്ത് ഉച്ചഭാഷിണികള്‍ അമിത ശബ്ദത്തില്‍ വയ്ക്കുന്നതിനെ ചൊല്ലി മുന്‍പ് ഇവിടെ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ പേരില്‍ രണ്ടു വിഭാഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും പലരും ജയില്‍ പോകേണ്ടിവരികയും ചെയ്തിരുന്നു. ഇത് തുടരുന്നത് ശരിയല്ലെന്ന് മതനേതാക്കള്‍ തീരുമാനിച്ചതോടെ തങ്ങള്‍ സ്വയം തിരുത്താന്‍ തയ്യാറാവുകയായിരുന്നുവെന്ന് പ്രദേശവാസിയായ ദിനേശ് സിംഗ് പറയുന്നു.
കലാപം സാത്താന്റെ സൃഷ്ടിയാണ്. അത് ഒഴിവാക്കാന്‍ ഈ വിശുദ്ധമാസത്തില്‍ മോസ്കുകളിലെ ഉച്ചഭാഷിണികള്‍ അഴിച്ചുവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ ഹിന്ദുസഹോദരന്മാരും അതു പാലിച്ചു. ഇപ്പോള്‍ ഇവിടെ സമാധാനമുണ്ടെന്നും സകീര്‍ ഹുസൈന് എന്നയാള്‍ പറയുന്നു.
ആരാധനാലങ്ങളിലെ ഉച്ചഭാഷിണികളുടെ അമിത ശബ്ദത്തിലുള്ള പ്രവര്‍ത്തനം ഉത്തര്‍പ്രദേശില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. മൊറാദാബാദിലെ കാന്ത്, മുസാഫര്‍നഗര്‍, ഷാംലി, സംബല് തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.
അതേസമയം, സുപ്രീം കോടതിയും വിവിധ കീഴ്ക്കോടതികളും ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവ് നല്കിയിട്ടുള്ളതാണ്. ശബ്ദശല്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണിത്. ഉച്ചഭാഷിണികള്ക്കു പകരം ശബ്ദ നിയന്ത്രണത്തോടെ ബോക്സുകള്‍ ഉപയോഗിക്കാന്‍ കര്‍ശന നിബന്ധനകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. ദേശീയ ഹരിത ട്രൈബ്യൂണലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് പലയിടത്തും അസഹ്യമായ ശബ്ദശല്യമുണ്ടാക്കുന്ന ഉച്ചഭാഷിണികള്‍ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നത്.






