
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി വീണ്ടും കടുക്കുന്നതായി റിപ്പോര്‍ട്ട്. ശശികല നടരാജന്റെ അണ്ണാ ഡിഎംകെ അമ്മ വിഭാഗം പിളര്‍പ്പിലേയ്ക്ക് എന്ന സൂചനയാണ് നിലവില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ദിനകരനും ശശികലയും പാര്‍ട്ടിക്ക് പുറത്ത് തന്നെയെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഇന്നലെ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് ബംഗുളൂരു ജയിലിലെത്തി ശശികലയെ കണ്ടിരുന്നു. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരുമെന്നും അണികള്‍ തന്നോടൊപ്പമാണെന്നും അവകാശപ്പെട്ട ദിനകരന്റെ വാദത്തോട് അണ്ണാ ഡിഎംകെ അമ്മ നേതൃത്വവും എടപ്പാടി സര്‍ക്കാരും അകല്‍ച്ച പാലിക്കുന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഇന്നലെ സെക്രട്ടേറിയേറ്റില്‍ എടപ്പാടി പളനിസ്വാമി 17 ഓളം മന്ത്രിമാരുടെ യോഗം ചേര്‍ന്ന് ശശികല ദിനകരന് കൂടിക്കാഴ്ചയെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ടിടിവി ദിനകരന് ബംഗുളൂരു ജയിലിലെത്തി ശശികലയുമായി നടത്തിയ ചര്‍ച്ചയുടെ സാഹചരത്തിലായിരുന്നു നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എടപ്പാടി ക്യാമ്പ് പ്രത്യേക മന്ത്രിസഭാ യോഗംവിളിച്ചത്.





