
ന്യുഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രദേശിക കക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി. ഇതിനായി മൂന്നംഗ പാനല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രൂപീകരിച്ചു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളാണ് പാനലിന്റെ ചുമതല. ജൂലായ് 17നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഗൗരവമായാണ് എടുക്കുന്നത്. ഇന്നലെ നടത്താനിരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനം അമിത് ഷാ മാറ്റിവച്ചിരുന്നു. ജൂലായ് 15-16 തീയതികളില്‍ നടത്താനിരുന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവും മാറ്റിവച്ചിട്ടുണ്ട്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് ബി.ജെ.പി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിവസം ജൂണ്‍ 28 ആണ്. ലോക്സഭയിലേയും രാജ്യസഭയിലേയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇലക്ടറേറ്റ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.






