
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയത്തിന് വേണ്ടി സഹോദരന്റെ മക്കളായ ദീപയും ദീപക്കും തമ്മിലുള്ള പോര് മുറുകുന്നു. ഞായറാഴ്ച പോയസ് ഗാര്‍ഡനില്‍ താമസമാക്കാന്‍ വന്ന ദീപയെ തടഞ്ഞത് ഇതിന്റെ ഭാഗമായാണ്. ശശികല പക്ഷത്തോടാണ് ദീപക്കിന് ചായ്വ്.
തന്നെ പോയസ് ഗാര്‍ഡനില്‍ വിളിച്ചു വരുത്തി ദീപക് ചതിക്കുകയായിരുന്നെന്ന് ദീപ ആരോപിച്ചു. നിലവില്‍ പോയസ് ഗാര്ഡന് വേണ്ടി ശശികലയും സംഘവും, ദീപക്, ദീപ എന്നിവര്‍ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. ടി നഗറിലെ വീട്ടിലാണ് സഹോദരങ്ങള്‍ താമസിക്കുന്നത്. ഇത് ബിനാമി പേരില്‍ ശശികല സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ പോയസ് ഗാര്‍ഡനിലേയ്ക്ക് മാറാനാണ് ഇവരുടെ ശ്രമം. എന്നാല്‍ ജയലളിതയുടെ മരണ ശേഷം ശശികല താമസിച്ചത് വേദനിലയത്തിലാണ്. ഇവിടെ നിന്നാണ് അവര്‍ ജയിലിലേയ്ക്കും പോയത്.
എന്നാല്‍ നിയമപ്രകാരം വീട് ലഭിക്കാന്‍ സാധ്യത ദീപയ്ക്കും ദീപക്കിനുമാണ്. ജയലളിതയ്ക്ക് മറ്റ് അനന്തരാവകാശികള്‍ ഇല്ലാത്തത് കൊണ്ടും സഹോദരന്റെ മക്കളായ ഇവരാണ് അവരുടെ പിന് അവകാശികളെന്ന് നിയമ വിദഗ്ദര്‍ വ്യക്തമാക്കി. വേദനിലയം ഇവര്‍ക്ക് നല്കാന് ജയലളിത വില്‍പ്പത്രം എഴുതി വെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നെങ്കിലും ഇത് എവിടെയാണെന്ന് വ്യക്തമല്ല.






