
ലണ്ടന്‍: തീപിടിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ കുടുങ്ങിയ നിസ്സഹായരായ മനുഷ്യര്‍ രക്ഷപ്പെടാനായി നടത്തിയ ശ്രമങ്ങള്‍ ഭീതിയും നൊമ്പരവും ജനിപ്പിക്കുന്ന കാഴ്ചകളായിരുന്നെന്നു ദൃക്സാക്ഷികള്‍. കുട്ടികളെ രക്ഷിക്കാനായിരുന്നു മാതാപിതാക്കള്‍ പരക്കം പാഞ്ഞത്.
രക്ഷാമാര്‍ഗങ്ങള്‍ അടഞ്ഞപ്പോള്‍ പലരും മുകളില്നിലകളില്നിന്നു ജനാലയിലൂടെ കുട്ടികളെ താഴേക്കിട്ടു. ജനാലകളിലൂടെ താഴേക്കു ചാടിയവരും നിരവധി. ''തീപിടിച്ച ഒരു കുട്ടി'' 22-ാം നിലയില്‍നിന്നു താഴേക്കു ചാടുന്നതു കണ്ടതായി ഫ്ളാറ്റിലെ താമസക്കാരിലൊരാള്‍ പറഞ്ഞു.
'' മൂന്നാം നിലയിലാണു തീപിടിത്തമുണ്ടായത്. ഫയര്‍ ബ്രിഗേഡിനെ വിവരമറിയിച്ചു. 20 മിനിറ്റിനു ശേഷമാണ് അവര്‍ എത്തിയത്. അപ്പോഴേക്കു തീ മുകളിലേക്കു പടര്‍ന്നിരുന്നു. ഒന്നര മണിക്കൂറിനു ശേഷം 22-ാം നിലയില്‍ തീപിടിച്ച ഒരു കുട്ടി ജനാലയ്ക്കരികിലേക്കു വന്നു താഴേക്കു ചാടുന്നതു കണ്ടു.''
''എന്റെ കുട്ടികളെ രക്ഷിക്കണേയെന്ന്'' അലമുറയിട്ടുകൊണ്ട് പലരും കുട്ടികളെ താഴേക്ക് എറിയുകയായിരുന്നെന്നു പറഞ്ഞപ്പോള്‍ സമീറ ലാമ്റാനി എന്ന യുവതി പൊട്ടിക്കരഞ്ഞു. പരിഭ്രാന്തരായി അലറിവിളിച്ചുകൊണ്ട് ആളുകള്‍ ജനാലകള്ക്കരികിലെത്തുന്നതു കാണാമായിരുന്നു.
പത്താം നിലയില്‍നിന്ന് ഒരമ്മ കുട്ടിയെ താഴേക്കിട്ടു. ആളുകള്‍ ഓടിയെത്തി കുട്ടിയെ പിടിച്ചതായും സമീറ പറഞ്ഞു. നിരവധിപ്പേര്‍ ഇങ്ങനെ കുട്ടികളെ താഴേക്കെറിഞ്ഞു. കുട്ടികളെ െകെയിലെടുത്തു താഴേക്കു ചാടിയവരുമുണ്ട്.
രക്ഷപ്പെട്ടു താഴെയെത്തി എന്നു വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു താമസക്കാരില്‍ പലരും. ''വളരെപ്പെട്ടെന്നാണു തീ നിയന്ത്രണാതീതമായത്. പുകയും ഇരുട്ടും മൂലം പടിക്കെട്ടുവഴി താഴേക്കിറങ്ങുന്നതും ദുഷ്കരമായി. കുട്ടികളും മുതിര്‍ന്നവരും അംഗപരിമിതരുമെല്ലാം ഉള്ളില്‍ കുടുങ്ങിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും പുറത്തുവന്നിട്ടില്ല.''- രക്ഷപ്പെട്ടവരിലൊരാള്‍ പറഞ്ഞു. ശക്തമായ പുകമണം അടിച്ചപ്പോഴാണ് താന്‍ ഉണര്‍ന്നതെന്നു െമെക്കിള്‍ പരമശിവം എന്നയാള്‍ പറഞ്ഞു. അപകടത്തിന്റെ തീവ്രത മനസില്ലാക്കാതിരുന്ന പലരും സുരക്ഷാ നടപടികള്‍ സ്വീകരിച്ച് ഉള്ളില്‍ത്തന്നെ നില്ക്കാന് ഉപദേശിച്ചിരുന്നെന്നും എന്നാല്‍, ഭാര്യയെയും മകളെയും കൂട്ടി താന്‍ പുറത്തേക്കോടിയെന്നും െമെക്കിള്‍ പറഞ്ഞു.
1974 ല്‍ നിര്‍മിച്ച കെട്ടിടം. ഒരു കോടി പൗണ്ട് ചെലവഴിച്ച് രണ്ടു വര്‍ഷം നീണ്ട മിനുക്കുപണികള്‍ കഴിഞ്ഞ വര്‍ഷം അവസാനിച്ചു. പഴയ ജനാലകള്‍ മാറ്റി, കേന്ദ്രീകൃത താപ സംവിധാനങ്ങള്‍ പരിഷ്കരിച്ചു. താഴത്തെ നാലു നിലകള്‍ പൂര്‍ണമായും രൂപമാറ്റം വരുത്തി.
ഒന്‍പതു മുറികള്‍ കൂട്ടിച്ചേര്‍ത്തു. 24 നിലകളുള്ള കെട്ടിടത്തില്‍ ആകെ ഫഌറ്റുകളുടെ എണ്ണം 120 ആണ്. പന്ത്രണ്ടു പേര് മരിച്ചെന്നാണ് പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. അപകടത്തില്‍ പരുക്കേറ്റ 74 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
120 ഫഌറ്റുകളുള്ള കെട്ടിടത്തില്‍ അനേകം പേര് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്സാക്ഷികളുടെ വിവരണം. കെട്ടിടത്തിനു സമീപം താമസിക്കുന്നവര്‍ പറയുന്നത് 400 നും 600 നും ഇടയില്‍ ആളുകളെന്നാണ്. ലണ്ടര്‍ മേയറുടെ ഓഫീസ് നല്കുന്ന വിവരമനുസരിച്ച് അഗ്നിബാധ മൂര്‍ധന്യത്തിലെത്തിയപ്പോഴും 12 ാംനില വരെയെ അഗ്നിശമന സേന എത്തിയിരുന്നുള്ളൂ.
ഏറ്റവും മുകളിലത്തെ മൂന്നു നിലകളില്‍ ഉണ്ടായിരുന്ന ഒരാള്‍ പോലും ദുരന്തത്തെ അതിജീവിക്കില്ലെന്ന ആശങ്ക നിലനില്ക്കുന്നു. നാലാം നിലയിലെ ഒരു വീട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ തുടക്കമെന്നു കരുതുന്നു. 15 മിനിറ്റ് കൊണ്ട് കെട്ടിടം അഗ്നിസ്തംഭമായി. മണിക്കൂറുകള്‍ക്കിപ്പുറവും നിയന്ത്രണാതീതമായ അഗ്നിബാധ ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയേക്കാം. എത്രപേര്‍ കെട്ടിടത്തില്‍ കുടുങ്ങിയെന്നു പോലും കൃത്യമായി അറിയാനായിട്ടില്ല.
പന്ത്രണ്ടു പേര് മരിച്ചെന്നും 50 പേരെ വിവിധ ആശുപത്രികളില്‍ എത്തിച്ചെന്നും മാത്രമാണ് ഔദ്യോഗിക വിശദീകരണം. രക്ഷാപ്രവര്‍ത്തകര്‍ക്ക് അടുക്കാന്‍ പോലും കഴിയാത്തവിധം ആളിപ്പടര്‍ന്ന തീയില്‍ കെട്ടിടം തകര്‍ന്നുവീഴുമെന്ന ഭീതിയുമുണ്ട്. മുകള്‍നിലയില്‍ കുടുങ്ങിയവര്‍ ജനാലകളിലൂടെ രക്ഷാകരങ്ങള്‍ക്കായി വിലപിച്ചു. വെന്തുമരിക്കുമെന്ന് ഉറപ്പായതോടെ നിരവധി പേര് താഴേക്കു ചാടി.
ഏതെങ്കിലും െകെകള്‍ താങ്ങായെത്തുമെന്ന പ്രതീക്ഷയില്‍ പലരും കുഞ്ഞുങ്ങളെ താഴേക്കിട്ടു. പത്താം നിലയില്‍ നിന്നു താഴേക്കു പതിച്ച ഒരു കുഞ്ഞ് രക്ഷാപ്രവര്‍ത്തകന്റെ െകെകളില്‍ വീണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെന്നു ''ഡെയ്ലി മെയില്‍'' റിപ്പോര്‍ട്ട് ചെയ്തു.
െവെറ്റ് സിറ്റിയിലുള്ള ടവറില്‍ പ്രാദേശികസമയം ഒന്നേകാലോടെയാണു തീ പടര്‍ന്നത്. മുസ്ലിം ജനസംഖ്യ കാര്യമായുള്ള മേഖലയാണ് ഇവിടം. നോമ്പുകാലമായതിനാല്‍ പലരും ഉറങ്ങാതിരുന്നത് ആള്‍നാശത്തിന്റെ തീവ്രത അല്പമെങ്കിലും കുറയാന്‍ കാരണമായെന്നു കരുതുന്നു.
ലണ്ടനിലെ ഏറ്റവും പഴക്കമേറിയ ബഹുനിലക്കെട്ടിടങ്ങളിലൊന്നാണ് 1974-ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവര്‍. കെട്ടിടം പൊളിച്ചുനീക്കാന്‍ സമയമായെന്നു നാലു വര്‍ഷത്തോളം മുമ്പ് ആവശ്യമുയര്‍ന്നിരുന്നു. ഒരു കോടി പൗണ്ട് ചെലവിട്ട് കഴിഞ്ഞ വര്‍ഷം നവീകരിച്ചെങ്കിലും അഗ്നിമുന്നറിയിപ്പ് സംവിധാനങ്ങളോ രക്ഷാസജ്ജീകരണങ്ങളോ കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. മോടിപിടിപ്പിക്കലിന്റെ ഭാഗമായി സ്ഥാപിച്ച തൊങ്ങലുകളാണ് തീ മുകളിലേക്ക് അതിവേഗം കത്തിപ്പിടിക്കാന്‍ ഇടയാക്കിയത്. ടവറിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.






