
ന്യുഡല്‍ഹി: ജൂലൈ പതിനേഴിന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരം വാശിയേറിയത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിനമായ ഇന്നലെ മാത്രം ആറു പേരാണ് മുന്നോട്ടുവന്നത്. ഇവരില്‍ മുംബൈ സ്വദേശികളായ ദമ്പതികളുമുണ്ട്.
സൈറാ ബാനോ മുഹമ്മദ് പട്ടേല്‍ ഭര്‍ത്താവ് മുഹമ്മദ് പട്ടേല്‍ അബ്ദുള്‍ ഹമീദ് എന്നിവരാണ് ഒരുമിച്ച് പത്രിക നല്‍കിയത്. തങ്ങളില്‍ ഒരാളെ പ്രസിഡന്റാക്കിയാല്‍ നല്ലകാര്യമായിരിക്കുമെന്നും വൈസ് പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം വരില്ലെന്നുമാണ് ദമ്പതികള്‍ റിട്ടേണിംഗ് ഓഫീസറെ അറിയിച്ചത്.
കഴിഞ്ഞ 29 വര്‍ഷത്തിനിടെ 170 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയം ഏറ്റുവാങ്ങി റെക്കോര്‍ഡ് സൃഷ്ടിച്ച തമിഴ്നാട് സ്വദേശി ഡോ.കെ. പത്മരാജനാണ് നാമനിര്‍ദേശം നല്കിയ മറ്റൊരാള്‍.
മധ്യപ്രദേശ സ്വദേശി ആനന്ദ് സിംഗ് കുഷ്വാഹ, തെലങ്കാന സ്വദേശി എ.ബാലരാജ്, പൂനെ സ്വദേശി കൊന്ദേകര് വിജയ്പ്രകാശ് എന്നിവരും മത്സരത്തിന് മുന്നോട്ടുവന്നിട്ടുണ്ട്. ഒരു സന്യാസിയുടെ വേഷത്തിലാണ് മേല്‍മുണ്ട് ധരിച്ച് വിജയ്പ്രകാശ് എത്തിയത്.
എന്നാല്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാത്തതിനാല്‍ ഇവരില്‍ പലരുടേയും പത്രികകള്‍ തള്ളിക്കളഞ്ഞേക്കും. നാലു പേര്‍ക്ക് മാത്രമാണ് 15,000 രൂപ കെട്ടിവയ്ക്കാന്‍ കഴിഞ്ഞത്. തന്റെ പത്രിക തള്ളുമെന്ന് അറിയാമെന്ന് വിജയ്പ്രകാവശ പറഞ്ഞു. തന്നെപോലെയുള്ള സാധാരണക്കാരന് 100 പേരുടെ ഒപ്പ് ശേഖരിക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് പോലെയുള്ള നമ്മുടെ സംവിധാനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തളച്ചിടുന്ന ജയിലുകളാണെന്നും അദ്ദേഹം പറഞ്ഞു.






