
ന്യൂഡൽഹി: ദേശീയഗാനവും (ജനഗണമന) ദേശീയഗീതവും (വന്ദേമാതരം) ആലപിക്കുമ്പോഴോ കേൾപ്പിക്കുമ്പോഴോ അവയുടെ ശരിയായ വരികളും ഉച്ചാരണരീതിയും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ചരിത്രപ്രധാനമായ പങ്ക് വഹിച്ച 'വന്ദേമാതരം' എന്ന ഗീതത്തെ 'ജനഗണമന'യ്ക്ക് തുല്യമായി ആദരിക്കുമെന്നും അതിന് തുല്യ പദവി ഉണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഗവർണർമാരുടെ ഓഫീസുകൾക്കുമായി നൽകിയ പുതിയ ഉത്തരവിലാണ് ആഭ്യന്തര മന്ത്രാലയം ഈ നിയമങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചത്.
ദേശീയഗാനവും ദേശീയഗീതവും നിർബന്ധമായും ആലപിക്കേണ്ട സാഹചര്യങ്ങളും ഏതൊക്കെ അവസരങ്ങളിൽ ഇവ ആലപിക്കാമെന്നതുമായ കൃത്യമായ വിവരങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 9-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സിവിൽ പുരസ്കാര വിതരണ ചടങ്ങുകൾ, ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സാന്നിധ്യം, രാഷ്ട്രപതി ഓൾ ഇന്ത്യ റേഡിയോയിലൂടെയോ ടെലിവിഷനിലൂടെയോ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും തുടങ്ങിയ സന്ദർഭങ്ങളിൽ ദേശീയഗീതം ആലപിക്കേണ്ടതുണ്ട്.
ദേശീയഗാനത്തിന്റെയും ദേശീയഗീതത്തിന്റെയും ശരിയായ വരികളും ഉച്ചാരണ ശുദ്ധിയും കർശനമായി പാലിക്കേണ്ടതുണ്ട്. ശരിയായ വരികളും ഉച്ചാരണ സഹായിയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ചില സംസ്ഥാനങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ സംസ്ഥാന ഗാനങ്ങൾ കൂടി ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് വേണം ആലപിക്കാൻ. ഇതിൽ ആദ്യം ദേശീയഗീതവും (വന്ദേമാതരം) അതിനുശേഷം ദേശീയഗാനവും (ജനഗണമന) ആലപിക്കണം. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ ഉൾപ്പെടുന്ന, 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ഔദ്യോഗിക പതിപ്പാണ് ആലപിക്കേണ്ടത്. ഈ സമയത്ത് സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കണം.
നിലവിൽ വന്ദേമാതരത്തിന്റെ 150-മത് വാർഷികം രാജ്യം ആഘോഷിക്കുകയാണ്. ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ, മാതൃഭൂമിയോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഉചിതമായ ബഹുമാനത്തോടെ പൊതുജനങ്ങൾക്ക് കൂട്ടായും ദേശീയഗീതം ആലപിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.






