ന്യുഡല്‍ഹി: കൊച്ചി മെട്രോ വിവാദങ്ങള്‍ക്കിടെ മെട്രോമാന് ഇ. ശ്രീധരന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇ. ശ്രീധരന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതെന്നും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രമന്ത്രി സുഷമാ സ്വരാജിനൊപ്പം എന്‍ഡിഎ കേന്ദ്രങ്ങള്‍ സജീവമായി പരിഗണിക്കുന്ന പേരുകളില്‍ ഇ. ശ്രീധരന്റെ പേരുമുണ്ടെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യം ശ്രദ്ധിക്കുന്ന പരിപാടിയില്‍ തനിക്കൊപ്പം വേദി ശ്രീധരന് വേദി പങ്കിടുന്നത് ഉചിതമാകില്ലെന്ന് പ്രധാനമന്ത്രി കരുതുന്നു. വിവാദ ഒഴിവാക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് പറയുന്നത്. ഒഴിവാക്കലിന് പിന്നിലെ കാരണം വ്യക്തമായി അറിയുന്നത് കൊണ്ടാണ് ഇ. ശ്രീധരന് കാര്യമായ പ്രതിഷേധം രേഖപ്പെടുത്താതിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് അരുണ്‍ ജെയ്റ്റ്ലിക്ക് പകരമായാണ് ഇ. ശ്രീധരനെ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്ലിയെ മത്സരിപ്പിക്കാന്‍ മോഡിക്ക് വ്യക്തിപരമായി താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ജെയ്റ്റ്ലി മത്സരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇ. ശ്രീധരന്റെ പേര് പരിഗണനയ്ക്ക് വന്നത്. സുഷമ സ്വരാജ്, സുമിത്രാ മഹാജന് എന്നിവരും പരിഗണനയിലുണ്ട്.






