
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ നിശ്ചയിക്കുമോ അതോ ഈ ആഴ്ച അവസാനത്തോടെ ചേരുന്ന എന്‍.ഡി.എ യോഗത്തിലാണോ അന്തിമ തീരുമാനം വരികയെന്ന് വ്യക്തമല്ല.
തെരഞ്ഞെടുപ്പില്‍ സമവായം കണ്ടെത്താന്‍ കേന്ദ്രമന്ത്രിമാര്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. അരുണ്‍ ജെയ്റ്റ്ലി ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസുമായും ബിജു ജനതാദളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെങ്കയ്യനായിഡു സമാജ്വാദി പാര്‍ട്ടി നേതാക്കളായ രാംഗോപാല്‍ യതാദവിനേയും നരേഷ് അഗര്‍വാളിനെയും കണ്ട് പിന്തുണ തേടി. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗും വെങ്കയ്യനായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഇടത്കക്ഷി നേതാക്കളായ സീതാറാം യെച്ചൂരി, എസ്.സുധാകര റെഡ്ഡി, ഡി.രാജു എന്നിവരുമായും എന്‍.സി.പി നേതാവ് ശരദ് പവാറുമായും ചര്‍ച്ച നടത്തിയിരുന്നു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്സഭ സ്പീക്കര്‍ സുമിത്രാ മഹാജന്, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു തുടങ്ങിയവരാണ് പരിഗണനാ പട്ടികയില്‍ മുന്‍നിരയിലുള്ളത്.






