
ന്യുഡല്‍ഹി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന് ടീം കപ്പുയര്‍ത്തിയതിന്റെ വിജയം ആഘോഷിച്ച കശ്മീര്‍ നേതാവിനെതിരേ ഇന്ത്യന്‍ ക്രിക്കറ്റ്താരം ഗൗതംഗംഭീര്‍. കശ്മീര്‍ വിമത നേതാവ് മിര്വായസ് ഉമര്‍ ഫാറൂഖിനെ യാണ് ഗൗതം ഗംഭീര്‍ സിക്സറടിച്ച് പറപ്പിച്ചത്. അത്ര ആഘോഷമൊന്നും വേണ്ടെന്നും വേണമെങ്കില്‍ വിജയം ആഘോഷിക്കാന്‍ അതിര്‍ത്തി വഴി പാകിസ്താനിലോട്ട് താങ്കളെ പോകാന്‍ താന്‍ സഹായിക്കാമെന്നുമാണ് ഗൗടി യുടെ പരിഹാസം.
ഇന്ത്യയെ ഫൈനലില്‍ 150 റണ്‍സിന് തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തിയ പാകിസ്താന് ടീമിനെ ഇന്നലെ ട്വിറ്ററില്‍ പാക് ടീമിനെ ഫാറൂഖ് അഭിനന്ദിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ചുട്ട മറുപടിയുമായി ഗൗതം ഗംഭീറും ട്വീറ്റ് ചെയ്തത്. മിര്വായീസിന് ഒരു നിര്‍ദേശം. താങ്കള്‍ക്ക് അതിര്‍ത്തി കടന്നു പാകിസ്താനിലേക്ക് പൊയ്ക്കൂടെ? അവിടെ നല്ല വെടിക്കെട്ട് കാണാമല്ലോ? ഈദും അവിടെ ആഘോഷിക്കാം. വേണമെങ്കില്‍ എല്ലാം പായ്ക്ക് ചെയ്യാന്‍ ഞാന്‍ താങ്കളെ സഹായിക്കാം' എന്നാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം.
'' ഈ ദിവസം മികച്ച ടീമിന്റേതാണ്. പാകിസ്താന് ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എല്ലായിടത്തും പടക്കം പൊട്ടുകയാണ്. ഈദ് ഇത്തവണ അല്‍പ്പം നേരത്തേയാണെന്ന് തോന്നുന്നു.'' എന്നായിരുന്നു പാക് ടീം ജയിച്ചതിന് പിന്നാലെ ഫാറൂഖ് ട്വിറ്ററില്‍ കുറിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച് പാകിസ്താന് ഫൈനലില്‍ കടന്നപ്പോഴും ഫാറൂഖ് അഭിനന്ദനവുമായി എത്തിയത് വന്‍ വിവാദമായിരുന്നു. അനേകര്‍ക്ക് നീരസമുണ്ടാക്കിയ ട്വീറ്റിനെതിരേ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തു. ഇയാളെപ്പോലെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നവരെ ജനങ്ങളും മാധ്യമങ്ങളും അവഗണിക്കണമെന്നാണ് പ്രതികരണം വന്നത്. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ഇന്ത്യ പാകിസ്താനോട് തോറ്റത് ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും യുപിയിലെ കാണ്‍പൂരിലും ഇന്ത്യ തോറ്റതിനെ തുടര്‍ന്ന് ആള്ക്കാര് ടെലിവിഷന്‍ എറിഞ്ഞുപൊട്ടിച്ചു. ഞായറാഴ്ച ഓവലില്‍ നടന്ന മത്സരത്തില്‍ 180 റണ്‍സിനാണ് പാകിസ്താന് ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഉയര്‍ത്തിയ 339 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 33.3 ഓവറില്‍ 158 ന് പുറത്താകുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ 43 പന്തില്‍ 76 റണ്‍സ് എടുത്ത ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് പൊരുതിയത്. 72 ന് ആറില്‍ നില്‍ക്കുമ്പോഴാണ് പാണ്ഡ്യ എത്തിയത്.



