
ആധുനിക ഫുട്ബോളിലെ ഏറ്റവും കേമന്‍ മെസ്സിയാണോ അതോ ക്രിസ്ത്യാനോ റൊണാള്ഡോയാ? ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച രണ്ടു ഫുട്ബോള്‍ ചക്രവര്‍ത്തിമാരെ താരതമ്യപ്പെടുത്താനുള്ള ചോദ്യം ഇതിഹാസ ഫുട്ബോളര് മറഡോണയേയും ചുറ്റിച്ചുകളഞ്ഞു. പരിശീലകനായുള്ള പുതിയ പദവിക്കായി തിങ്കളാഴ്ച ദുബായില്‍ വിമാനം ഇറങ്ങിയപ്പോഴാണ് മറഡോണയോട് മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ചോദിച്ചത്. മെസ്സിക്ക് കൂടുതല്‍ മൂന്‍തൂക്കം നല്‍കുമെങ്കിലും അസാദ്ധ്യ ഫുട്ബോളറാണ് പോര്‍ച്ചുഗല്‍ നായകനെന്നായിരുന്നു മറഡോണയുടെ പ്രതികരണം.
ലയണേല്‍ മെസ്സി മോശമായി ഇതുവരെ കളിക്കുന്നത് കണ്ടിട്ടില്ലെന്ന് ടിവൈസി സ്പോര്‍ട്സിനോട് പറഞ്ഞു. പോര്‍ച്ചുഗീസുകാരനായ റൊണാള്‍ഡോയെ അര്‍ജന്റീനിയന്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയോടാണ് ഫുട്ബോള്‍ ഇതിഹാസം ഉപമിച്ചത്. മൂന്ന് ലോകകപ്പില്‍ അര്‍ജന്റീനയുടെ താരമായിരുന്നു ബാറ്റിസ്റ്റിയൂട്ട പന്തില്‍ തൊട്ടാല്‍ അത് ഗോളായിരുന്നെന്നും അതുപോലെയാണ് റൊണാള്‍ഡോയെ താന്‍ കാണുന്നതെന്നും മറഡോണ പറഞ്ഞു. ലോകകപ്പ് പോലെ ഒരു സുപ്രധാന രാജ്യാന്തര കപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാഴ്സിലോണ താരം മെസ്സി നിലവിലെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്നും പറഞ്ഞു.
എത്രയും വലിയ കളിക്കാരനാണെങ്കിലും ആര്‍ക്കും തനിയെ ലോകകപ്പ് നേടാനാകില്ലെന്നും അതിന് മികച്ച ഒരു ടീം തന്നെ ആവശ്യമാണ്. പക്ഷേ ഫുട്ബോള്‍ ചരിത്രം എക്കാലവും ഓര്‍ത്തിരിക്കുന്ന മഹാനായ കളിക്കാരനാണ് മെസ്സിയെന്നും മറഡോണ പറഞ്ഞു. ഫുട്ബോള്‍ അദ്ദേഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ നല്കി. അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം ഫുട്ബോളിനും നല്കി. ലോകകപ്പ് ജയിച്ചില്ല എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മൂല്യവും കുറയ്ക്കുന്നില്ല.




