
ഡറാഡൂണ്‍: ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ മരണം വരെ പങ്കാളി വിധവയായി തുടരണം. രണ്ടാം വിവാഹം കഴിച്ചാല്‍ നൂറ്റാണ്ടുകളായുള്ള ആചാരലംഘനമാകും. അതുകൊണ്ട് പാരമ്പര്യ പൈതൃകങ്ങള്‍ കൈവിടാതെയിരിക്കുന്ന ഉത്തരാഖണ്ഡ് രുദ്രപ്രയാഗ് ജില്ലയിലെ ദിയോളി ഭാംഗിറാം ഗ്രാമം അറിയപ്പെടുന്നത് തന്നെ വിധവകളുടെ ഗ്രാമമെന്നാണ്. ഭര്‍ത്താവ് മരിച്ച 32 സ്ത്രീകളാണ് ഇവിടെ കഴിയുന്നത്.
കേദാര്‍നാഥ് ക്ഷേത്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഇവരില്‍ ഭൂരിഭാഗം പേരും ഏകാന്തത മറികടക്കാന്‍ സന്യാസിനികളായി മാറുകയാണ്. കേദാര്‍നാഥിനെ വെള്ളത്തില്‍ മുക്കിയ 2013 ലെ മേഘസ്ഫോടനം ഇവിടുത്തെ 54 പുരുഷജീവനുകള് ആയിരുന്നു കൊണ്ടുപോയത്. അതോടെ ഏറെക്കുറെ ഗ്രാമം ഏകാന്തമായി. 32 കുടുംബനാഥന്മാതെയാണ് കുത്തൊഴുക്ക് കൊണ്ടുപോയത്. ദുരന്തം നടന്നു നാലു വര്‍ഷത്തിന് ശേഷം വിധവകളില്‍ മിക്കവരും സന്യാസിനികളായി. വിധവകളു
പുനര്‍വിവാഹം ഗ്രാമത്തിലെ രീതി അല്ലാത്ത സാഹചര്യത്തില്‍ ഇതല്ലാതെ ഇവര്‍ക്ക് വേറെ മാര്‍ഗ്ഗവുമില്ലായിരുന്നു. എന്നാല്‍ ചിലരൊക്കെ സന്യാസത്തിന് പിന്നാലെ പോകാതെ വിവാഹത്തോടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം വീണ്ടും തുടങ്ങാന്‍ പോയി. കുട്ടികളില്ലാത്ത യുവതികളായ ഗ്രാമത്തിലെ പല സ്ത്രീകള്‍ക്കും പുനര്‍ വിവാഹത്തില്‍ താല്‍പ്പര്യമുണ്ടെങ്കിലും മാമൂലുകള്‍ തെറ്റിച്ചാലുള്ള ഗ്രാമത്തിന്റെ എതിര്‍പ്പുകള്‍ ഭയന്ന് മോഹം അടക്കി കഴിയുകയാണ്. കുട്ടികളുള്ള സ്ത്രീകള്‍ വീണ്ടും വിവാഹം കഴിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ കൊച്ചുപ്രായത്തിലേ വിധവയാക്കപ്പെട്ടവര് എന്തിന് ഇങ്ങിനെ കഴിയുന്നെന്ന് രണ്ടു കുട്ടികളുടെ അമ്മയായ മറ്റൊരു സ്ത്രീ ചോദിക്കുന്നു.
ദിയോളിയിലെ ഭൂരിപക്ഷം കുടുമ്പങ്ങളും പാരമ്പര്യത്തില്‍ മുറുകെ പിടിച്ചിരിക്കുന്ന ബ്രാഹ്മണരും കേദാര്‍നാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരും ആണ്. ഉയര്ന്നജാതിയില് പെടുന്നവരായതാണ് പുനര്‍വിവാഹത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷം വിധവകളുടേയും പ്രശ്നം. വിധവകള്‍ പുനര്‍ വിവാഹം കഴിക്കുന്നതിന്റെ ഒരു സംഭവം പോലും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുനര്‍ വിവാഹം തങ്ങളുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ ഭാഗമല്ലെന്നും വിധവകള്‍ അങ്ങിനെ തന്നെ നില്ക്കുന്ന സമ്പ്രദായം നൂറ്റാണ്ടുകളായി നില നില്ക്കുന്ന ആചാരമാണെന്നുമാണ് ഗ്രാമത്തിലെ പുരുഷന്മാര് പറയുന്നത്. ഭര്‍ത്താവ് മരിച്ചുപോയ സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ നില്‍ക്കണോ കല്യാണം കഴിച്ചുകൊണ്ടുവന്ന വീട്ടില്‍തന്നെ നില്‍ക്കണോ എന്ന കാര്യം മാത്രമാണ് തീരുമാനിക്കാനാകുക. പുനര്‍വിവാഹത്തെക്കുറിച്ചു മിണ്ടാന്‍ പോലും വയ്യ. അങ്ങിനെ ചെയ്താല്‍ നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തെയും പൈതൃകത്തെയും ഹനിക്കുന്നതിന് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും പറയുന്നു. വൈധവ്യത്തില്‍ കഴിയുന്ന മൂത്തവര്‍ കാണിച്ചു തന്ന കാര്യങ്ങളാണ് യുവതികളും പിന്തുടരുന്നത്. എന്നിരുന്നാലും തങ്ങള്‍ക്കും ഈ ഏകാന്തത മടുപ്പാണെന്നും സന്തോഷമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പേര് വെളിപ്പെടുത്താതെ പലരും പറയുന്നുണ്ട്.
കടപ്പാട്: െെടംസ് ഓഫ് ഇന്ത്യ






