കോട്ടയം: കോഴിക്കോട് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടക്കുന്നത്.
കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിലാണ് കര്ഷകന് ജീവനൊടുക്കിയത്. ഇതേതുടര്‍ന്നാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില് തിരുത്തലുകള്‍ നടത്തിയെന്ന വിവരം പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്.
ജീവനൊടുക്കിയ ജോയിയുടെ സഹോദരന് വില്ലേജ് ഓഫീസില്‍ എത്തിയപ്പോഴാണ് രേഖകളില്‍ തിരുത്തല്‍ നടത്തിയതായി വ്യക്തമായത്. നേരത്തെ വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിലാണ് വിജിലന്‍സ് പരിശോധന. തൊടുപുഴ, മണക്കാട് വില്ലേജ് ഓഫീസുകളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്.






