
ലണ്ടന്‍: ഫുട്ബോളിലെ ചുവപ്പുകാര്‍ഡിന് സമാനമായി കളത്തില്‍ കളിക്കാര്‍ മോശം പെരുമാറ്റമോ അക്രമമോ ശ്രദ്ധയില്‍പെട്ടാല്‍ കളിക്കാരനെ പുറത്താക്കാന്‍ അമ്പയര്‍ക്ക് അനുവാദം നല്കുന്ന നിയമം വരുന്നു. കളത്തിലെ കളിക്കാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച ഐസിസിയുടെ പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വരും.
മുന്‍ പരിശീലകന് അനില്‍കുംബ്ളേ തലവനായുള്ള എസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷികയോഗത്തില്‍ തീരുമാനം അംഗീകരിച്ചു. അക്രമം ഉള്‍പ്പെടെ കളിക്കാര്‍ മോശമായി പെരുമാറുന്ന ഗൗരവതരമായ സംഭവങ്ങളില്‍ കളിക്കാരനെ പുറത്താക്കാന്‍ അമ്പയര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. ഇതിനൊപ്പം ഡിസിഷന്‍ റിവ്യൂ സിസ്റ്റം ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഉള്‍പ്പെടുത്താനും തീരുമാനിച്ചു. അതേസമയം 80 ഓവറുകള്‍ വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഡിആര്‍എസ് എടുത്തുമാറ്റി.
ബാറ്റിനെ സംബന്ധിച്ചുള്ള ചില തീരുമാനങ്ങളിലെ മാറ്റമാണ് മറ്റൊരു സുപ്രധാന തീരുമാനം. റണ്‍സ് എടുക്കുമ്പോള്‍ ക്രീസിന് മുകളില്‍ ബാറ്റ് പൊങ്ങി നിന്നാലും അയാള്‍ ക്രീസില്‍ തന്നെയാണെന്ന് കണക്കാക്കണമെന്നതാണ് മറ്റൊരു മാറ്റം. നിലവിലെ നിയമം അനുസരിച്ച് ഓടുമ്പോഴും ഡൈവ് ചെയ്യുമ്പോഴും ബാറ്റ് ക്രീസിലെ നിലത്ത് ഉരസണമെന്നതാണ് നിയമം.
രണ്ടു സുപ്രധാന ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അത്യധികം വാശിയേറിയ മത്സരങ്ങളില്‍ കളിക്കാര്‍ നിയന്ത്രണം വിട്ട് തമ്മില്‍ ഉരസുന്ന ഒട്ടനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എതിര്‍ടീമിലെ കളിക്കാരനെ മാനസീകമായി സമ്മര്‍ദ്ദപ്പെടുത്താന്‍ ചീത്തവിളിക്കുക, വംശീയമായി അധിഷേപിക്കുക തുടങ്ങി ഒട്ടേറെ സംഭവങ്ങളുണ്ട്.




