
ചേര്‍ത്തല: നാടെങ്ങും പകര്‍ച്ചപ്പനി, അറവുശാലയും പശുവളര്‍ത്തല്‍ കേന്ദ്രവും മാലിന്യം തള്ളുന്നത് തോട്ടിലേക്ക്. ജീവിതം വഴിമുട്ടി മുന്‍ അധ്യാപകനും കുടുംബവും. പകര്‍ച്ചപ്പനി തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ കര്മ്മത്തിന് ഇന്ന് തുടക്കമിടുമ്പോള്‍ ആലപ്പുഴ ജില്ലയുടെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രി ജി.സുധാകരന് അറിയണം തന്റെ ജില്ലയില്‍പെട്ട തണ്ണീര്‍മുക്കം പഞ്ചായത്തിലെ തോടുകളില്‍ നടക്കുന്ന ഈ പരിസ്ഥിതി മലിനീകരണവും അതുവഴിയുള്ള കൊതുക് 'പരിപാലനവും'.
അറവുശാലയില്‍ നിന്നും അയല്‍വാസിയുടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ തള്ളുന്നത് സ്വകാര്യ വ്യക്തികളുടെ തോട്ടിലേക്ക്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും കൊതുകു ശല്യവും മൂലം ഭക്ഷണം പോലും കഴിക്കാനാവാതെ എണ്‍പത് കഴിഞ്ഞ മുന്‍ അധ്യാപകനും കുടുംബവും. പഞ്ചായത്തിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ വരെ പരാതിപ്പെട്ടിട്ടും പരിഹാരം ലഭിക്കാതെ വിഷമിക്കുകയാണ് ഈ കുടുംബം. ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ വരുന്ന കട്ടച്ചിറ തോടിനു സമീപമാണ് അധികൃതര്‍ കണ്ടിട്ടും കണ്ണടച്ചുവിടുന്ന ഈ മാലിന്യ പ്രശ്നം.
നാടെങ്ങും കൊടുക് പെരുത്തും പകര്‍ച്ചപ്പനി മൂലവും കഷ്ടപ്പെടുമ്പോള്‍ ആണ് പരസ്യമായി രണ്ടു പേര് നിയമലംഘനം നടത്തുന്നത്. തോടുകളും ജലാശയങ്ങളും സംരക്ഷിക്കണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരിക്കേ അതിനെ പുച്ഛിച്ച് തളളിയിരിക്കുകയാണ് ഈ രണ്ടു വ്യക്തികള്‍.
ആറാം വാര്‍ഡ് മങ്കുഴിക്കരി പടിഞ്ഞാറേവീട് മാത്യൂ ജോസഫ് എന്ന മുന്‍ അധ്യാപകനാണ് നീതിക്കുവേണ്ടി അധികാരികളുടെ ദയ കാത്തിരിക്കുന്നത്. തന്റെ വീടിനോട് തൊട്ട് ചേര്‍ന്ന് അയല്‍വാസി നടത്തുന്ന അറവുശാലയാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഒരു മാലിന്യ സ്രോതസ്സ്. ഇവിടെ നിന്നുള്ള മാലിന്യങ്ങളും അറവുമൃഗങ്ങളുടെ അസ്ഥികളും യഥാവിധി സംസ്കരിക്കുന്നതിനു പകരം മാത്യൂ ജോസഫിന്റെ കൂടി ഉടമസ്ഥതയിലുള്ള തോട്ടിലേക്ക് ഒഴുക്കുകയാണ്. ഇയാളുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിയൊലിക്കുന്ന മാലിന്യവും സെപ്തിക് ടാങ്കില്‍ നിന്നുള്ള മാലിന്യവും ഈ തോട്ടിലേക്കാണ് ഒഴുകുന്നത്. പല തവണ ഈ അയല്‍വാസിയോട് പരാതി പറഞ്ഞുവെങ്കിലും കേട്ടഭാവമില്ല. അടച്ചുപൂട്ടിയ വീടിനുള്ളില്‍ കഴിയാനാണ് ഇദ്ദേഹത്തിന്റെ വിധി. വീടിനു പുറത്തേക്കിറങ്ങിയാല്‍ ദേഹം മുഴുവന്‍ കൊതുക് ആര്ത്ത്പൊതിയും.
മാത്യു ജോസഫിന്റെ വീടിനു പിന്നില്‍ താമസിക്കുന്ന മറ്റൊരു അയല്‍വാസിയാണ് പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നത്. പതിനഞ്ചിലേറെ പശുക്കള്‍ ഇയാളുടെ ഫാമിലുണ്ട്. തൊഴുത്തില്‍ നിന്നുള്ള മാലിന്യം തോടിന്റെ അടിയിലേക്ക് പൈപ്പ് ഇറക്കിയാണ് വിടുന്നത്. ഇതുമൂലവും ഈ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധം നിറഞ്ഞിരിക്കുകയാണ്. ഈ വെള്ളം ചെന്നുചേരുന്നത് പ്രദേശത്തെ ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കട്ടച്ചിറ ആറിലേക്കാണ്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇപ്പോഴും ഈ ആറിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.
വൃത്തിഹീനമായ പരിസരത്ത് കൊതുക് പെരുകുന്ന കാര്യം പല തവണ ഫാം ഉടമയെ ധരിപ്പിച്ചുവെങ്കിലും കേട്ടഭാവമില്ല. ഈ രണ്ട് നിയമലംഘകര്‍ മൂലം ഈ പ്രദേശം മുഴുവന്‍ ഇപ്പോള്‍ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി. കൊതുക് ശല്യവും അതിരൂക്ഷമായ ദുര്‍ഗന്ധം മൂലം മാത്യൂ ജോസഫിനും കുടുംബത്തിനും വീടിന് പുറത്തിറങ്ങാന്‍ കഴിയാറില്ല. മാത്യൂ ജോസഫും ഭാര്യയും മാത്രമാണ് വീട്ടില്‍. അവധിക്കാലത്ത് കൊച്ചുമക്കളെ കൂടെ കൊണ്ടുവന്നു നിര്‍ത്തണമെന്ന ഈ വയോധികന്റെ ആഗ്രഹം പോലും പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം നിഷേധിച്ചിരിക്കുകയാണ്.
കാലങ്ങളായി തുടരുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം ഈ വൃദ്ധ ദമ്പതികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുമുണ്ട്. വിട്ടുമാറാത്ത പനിയും ശ്വാസതടസ്സവും ഇവരെ അലട്ടുന്നു. തലവേദനയും മനംപുരട്ടലും വേറെ. ദുര്‍ഗന്ധം മൂലം ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയുന്നില്ല. ഈ പ്രശ്നങ്ങള്‍ മൂലം വീട്ടിലേക്ക് അതിഥികള്‍ക്ക് പോലും എത്താന്‍ കഴിയാത്തതിനാല്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം. ഏകമകന് ജോലിയുമായി ബന്ധപ്പെട്ട് അന്യനാട്ടിലും ആയതോടെ സഹായത്തിന് ഇവര്‍ക്ക് മറ്റാരുമില്ല. വാര്‍ദ്ധക്യത്തില്‍ എല്ലാ ആശ്രയവും നഷ്ടപ്പെട്ട ഈ ഗൃഹനാഥനാകട്ടെ മാനസികമായി ഏറെ വിഷമിക്കുകയുമാണ്.
ഒന്നര മാസം മുന്‍പ് പഞ്ചായത്ത് ഹെല്‍ത്ത് വിഭാഗത്തില്‍ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥന് വന്ന് എല്ലാം കണ്ടുപോയതല്ലാതെ നടപടിയുണ്ടായില്ല. ഒരാഴ്ച മുന്‍പ് പഞ്ചായത്ത് സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്കി. ആ പരാതിയുടെ പകര്‍പ്പ് ഹെല്‍ത്ത് വിഭാഗത്തിനും നല്കി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥനാകട്ടെ വീട്ടുകാരെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മാതൃക അധ്യാപകനെന്ന നിലയില്‍ തലമുറകള്‍ ആദരിക്കുന്ന മുന്‍ അധ്യാപകനോടാണ് ഇങ്ങനെ പെരുമാറിയതെന്ന് ഓര്‍ക്കണം. തന്റെയും കുടുംബത്തിന്റേയും ജീവനുപോലും ഭീഷണിയായ ഈ പരിസ്ഥിതി മലിനീകരണ സ്രോതസ്സുകള്‍ക്കും അവയുടെ ഉടമസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി നീതി കാത്തിരിക്കുകയാണ് ഇദ്ദേഹം.
കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാ കലക്ടര്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒറ്റപ്പെട്ട സംഭവമായി കരുതി തള്ളിക്കളയേണ്ട ഒന്നല്ല ഇത്. പല 'ഒറ്റപ്പെട്ട സംഭവങ്ങള്‍' ചേരുമ്പോഴാണ് ഒരു സാമൂഹിക പ്രശ്നമായി മാറുന്നത് എന്ന് മറക്കാതിരിക്കുക.