തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വീണ്ടും ഇടതു മുന്നണിയില്‍ ഭിന്നത. മൂന്നാറിലെ കയ്യേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന് വിളിച്ച യോഗത്തില്‍ നിന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് വിട്ടുനില്‍ക്കും. യോഗത്തില്‍ മന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചു. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
എന്നാല്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം മറികടന്നാണ് യോഗം വിളിച്ചതെന്നാണ് സിപിഐയുടെ ആരോപണം. ഇതേതുടര്‍ന്നാണ് വിട്ടുനില്‍ക്കാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചത്. ജൂലൈ ഒന്നിന് യോഗം നടക്കും. മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ മന്ത്രി എംഎം മണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
എംഎല്‍എമാരും കളക്ടറും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ സിപിഐ പ്രതിനിധികള്‍ വിട്ടുനില്‍ക്കും.






