
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ റാം നാഥ് കോവിന്ദിന് പ്രതിരോധമൊരുക്കുന്നതിനാണ് കോണ്‍ഗ്രസ് നേതാവായ മീരാകുമാറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മീരാകുമാര്‍ മത്സരിക്കുന്നത്.
ഇന്ന് രാവിലെ 11.30ന് ലോകസഭാ സെക്രട്ടറി ജനറലിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അവര്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രി ഉള്‍പ്പടെയുള്ളവര്‍ പത്രിക സമര്‍പ്പിക്കുന്നതിന് ഒപ്പമുണ്ടാകും. നാളെയാണ് പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുക.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്നാണ് മീരാകുമാര്‍ തന്റെ പ്രചരണം ആരംഭിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് കത്തയച്ചിരുന്നു. അതേസമയം റാം നാഥ് കോവിന്ദ് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 17ന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്താനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാം നാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.






