
ന്യുഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥിയായ മീരാ കുമാര്‍ നേതാക്കള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ഇടത് കക്ഷികള്‍ എന്നിവരുടെ പിന്തുണ മീരാകുമാറിനുണ്ട്. മുന്‍ ഐ.എഫ്.എസ് ഓഫീസറായ മീരാ കുമാര്‍ അഞ്ചു തവണ എം.പിയായും കഴിഞ്ഞ ലോക്സഭയുടെ സ്പീക്കറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സോണിയ ഗാന്ധി, മഅമരീന്ദര്‍ സിംഗ്, വീര്‍ഭദ്രസിംഗ്, സിദ്ധരാമയ്യ, തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മീരയ്ക്കൊപ്പുണ്ടായിരുന്നു. എന്നാല്‍ സമാജ്വദി പാര്‍ട്ടി നേതാവ് മുലായം സിംഗ് വിട്ടുനിന്നു. തന്റെ പ്രതിനിധിയെ ആണ് മുലായം അയച്ചത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് ആണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി, ടിഡിപി, ടിആര്‍എസ്, എഐഎഡിഎംകെ കക്ഷികളുടെ പിന്തുണ കോവിന്ദിനുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ കോവിന്ദ് ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന മകാണ്‍ഗ്രസ് നേതാവാണ് മീരാ കുമാര്‍. ഇരുവരും ദളിത് നേതാക്കളുമാണ്.
തങ്ങളുടെ തെരഞ്ഞെടുപ്പ് ആശയപരമാണെന്നും ദളിത് വാദം ഉയര്ത്തിയല്ലെന്നും മീരാകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ദളിതര്‍ തമ്മിലുള്ള പോരാട്ടമായി ഇതിനെ കാണരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.






