
ഭുവനേശ്വര്‍: പശു സംരക്ഷണത്തിനായി കൂടുതല്‍ സംവിധാനങ്ങളൊരുക്കി മത്സരിക്കുകയാണ് സംസ്ഥാനങ്ങള്‍. ഇപ്പോഴിത കന്നുകാലികള്‍ക്കായി രക്തബാങ്ക് രൂപീകരിച്ചാണ് ഒഡീഷ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ രക്തബാങ്ക് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഒഡീഷ. ഒഡീഷ കാര്‍ഷിക സര്‍വകലാശാലയാണ് കന്നുകാലി രക്തബാങ്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. പശുക്കള്‍ രക്തമില്ലാതെ ചാകുന്നത് തടയാന്‍ മൂന്നേകാല്‍ കോടിരൂപയാണ് പദ്ധതിക്കായി ചിലവിട്ടിരിക്കുന്നത്.
പദ്ധതിയുടെ അംഗീകാരത്തിനായി നാഷണല്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് (എന്‍എഡിപി) സമര്‍പ്പിച്ചിരുന്നു. എന്എഡിപിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഒഡീഷ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സുരേന്ദ്രനാഥ് പശുപാലക് പറഞ്ഞു.
കന്നുകാലി കര്‍ഷകര്‍ രക്തം സൗജന്യമായി രക്തബാങ്കിന് നല്‍കും. സംസ്ഥാനത്തെ വിവിധങ്ങളായ കേന്ദ്രങ്ങളിലെത്തിയും രക്തം സ്വീകരിക്കും. പ്രസവകാലത്തും മറ്റു രോഗങ്ങള്‍ ഉണ്ടാകുമ്പോഴും രക്തം ലഭിക്കാതെ പശുക്കള്‍ ചാകുന്നത് ഒഴിവാക്കാന്‍ രക്തബാങ്ക് സംവിധാനത്തിലൂടെ കഴിയുമെന്നും പശുപാലക് പറയുന്നു.






