
ഡെറാഡൂണ്‍: സംസ്ഥാനത്തെ 18,000 സ്കൂളുകളില്‍ ഇനി മുതല്‍ ഹിന്ദി പഠിക്കേണ്ട സ്ഥിതി വരില്ല. പകരം പഠനമാധ്യമമാകാന് പോകുന്നത് ഇംഗ്ളീഷ്. അതും സര്‍ക്കാര്‍ സ്കൂളുകളില്‍. പറഞ്ഞുവരുന്നത് ഇവിടുത്തെ കാര്യമാണെന്ന് കരുതരുത്. ഉത്തരാഖണ്ഡിലെ കാര്യമാണ്. ഈ മലയോര സംസ്ഥാനം രാഷ്ട്രഭാഷയായ ഹിന്ദി പഠിപ്പിക്കല്‍ നിര്‍ത്തിയിട്ട് പകരം എല്ലാം ഇംഗ്ളീഷിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതലാണ് പുതിയ വിദ്യാഭ്യാസനയം വരുന്നത്. ആദ്യ ഘട്ടം എന്ന നിലയില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നാം ക്ളാസ്സ് ഇംഗ്ളീഷിലാക്കും. പിന്നീട് പതിയെ പതിയെ മുഴൂവന്‍ ക്ളാസ്സുകളിലും ഇംഗ്ളീഷ് പഠന മാധ്യമമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡേ പറഞ്ഞു. 12 ാം ക്ളാസ്സ് വരെ ഹിന്ദിയില്‍ പഠിക്കുന്ന 10 ലക്ഷം കുട്ടികളാണ് ഉത്തരാഖണ്ഡില്‍ വിദ്യാഭ്യാസം ചെയ്യുന്നത്. കുറേ വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും ഇത് പൂര്‍ണ്ണമായി നടപ്പാക്കുകയെന്നും പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഇംഗ്ളീഷ് പുസ്തകം തയ്യാറാകുകയാണ്. ഇംഗ്ളീഷില്‍ പ്രാവീണ്യമുള്ള അധ്യാപകരെ നിയോഗിക്കുകയും പുതിയ അധ്യയന പരിശീലനം ഈ രീതിയിലാക്കുകയോ ചെയ്യും. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ളീഷ് മികവ് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത് ചെയ്യുന്നത്. ക്ളാസ്സില്‍ പതിവായി ഉപയോഗിക്കുന്ന 75 കോമണ്‍ ഇംഗ്ളീഷ് പദങ്ങളുടെ പട്ടിക അടുത്തിടെയാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് അയച്ചത്. ഇത്തരം ചെറിയ പദങ്ങള്‍ പിന്നീട് ഇംഗ്ളീഷ് മീഡിയമാക്കി മാറ്റുമ്പോള്‍ നേരിടേണ്ടി വരുന്ന കടുപ്പമുള്ള പദങ്ങള്‍ എളുപ്പമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ആണ് ഈ പട്ടിക തയ്യാറാക്കിയത്. മൈ അപ്പോളജീസ്, ഹാവ് എ ഗുഡ് വീക്കെന്റ്, വാട്ട് എ നൈസ് ഡേ എന്നിവ പോലുള്ള വാക്കുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്കൂളില്‍ ഈ പദങ്ങള്‍ ചാര്‍ട്ടുണ്ടാക്കി തൂക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്്
വിദ്യാര്‍ത്ഥികളുടെ ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് സ്കൂളില്‍ പതിവായി ഉപയോഗിക്കേണ്ട 50 പതിവ് ഇംഗ്ളീഷ് വാക്കുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഹിന്ദി മാധ്യമമായി വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ വിവിധ മത്സരപരീക്ഷകളില്‍ പരാജയപ്പെടുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയിട്ടുള്ളത്. ഇംഗ്ളീഷ് പരീക്ഷാ മാധ്യമമായി വരുന്ന എഞ്ചിനീയറിംഗ് മെഡിസിന് തുടങ്ങിയ പരീക്ഷകളിലെല്ലാം പിന്നില്‍ പോകുന്നതാണ് പുതിയ ആലോചനകള്‍ക്ക് പിന്നില്‍.






