
ന്യൂഡല്‍ഹി: സിക്കിമിലെ ഡോങ്ലോങ് മേഖലയിലെ ഇന്ത്യന്‍ ബങ്കറുകള്‍ ചൈന തകര്‍ത്ത സാഹചര്യത്തില്‍ ഡോങ്ലാങ് മേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു. ഇരുരാജ്യങ്ങളുടെയും സൈനികര്‍ നേര്‍ക്കുനേര്‍ നില്ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് ഈ നീക്കം. 1962ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷം ഇതാദ്യമാണ്.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകള്‍ തകര്‍ത്തതാണ് സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഡോങ്ലോങില് 2012ല്‍ ഇന്ത്യ നിര്‍മ്മിച്ച രണ്ട് ബങ്കറുകള്‍ നീക്കം ചെയ്യണമെന്ന് ജൂണ്‍ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാന് ചൈന രാജ്യങ്ങള്‍ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതില്‍ അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശ വാദം. ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബാങ്കറുകള്‍ ചൈന ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.






