
കൊച്ചി : 'അമ്മ'യുടെ മീറ്റിംഗില്‍ യുവനടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട നടിയും 'വിമന്‍ ഇന്‍ കളക്ടീവ് സിനിമ' അംഗവുമായ രമ്യാ നമ്പീശനെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് അടിച്ചൊതുക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആര്‍ക്കും സംശയം ഉണ്ടായില്ലെന്ന സംഘടനയുടെ വാദം പൊളിയുന്നു.
നിലവിലെ സംഭവ വികാസങ്ങളില്‍ നടിമാര്‍ക്ക് ആശങ്കയുണ്ടെന്നു പറഞ്ഞ രമ്യ വിഷയത്തില്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന കാര്യം ഉന്നയിക്കുന്നതിന് മുന്‍പ് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇന്നസെന്റ് എണീറ്റ് മറുപടി പറയുകയായിരുന്നു എന്നാണ് വിവരം. കേസ് പോലീസ് അന്വേഷിച്ചോളുമെന്നും ഡിജിപിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇന്നസെന്റ് കൂടുതലൊന്നും പറയാന്‍ രമ്യയെ അനുവദിച്ചില്ല.
അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചില്ലെന്ന് ആയിരുന്നു സംഘടനാ നേതൃത്വം വ്യക്തമാക്കിയിരുന്നത്. അമ്മയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതും വിവാദമായിരുന്നു.





