
പാലക്കാട്: പാമ്പാടി നെഹ്രു ഗ്രൂപ്പ് ഉന്നതന് പി കൃഷ്ണദാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്ന വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് സുധാകരനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചര്‍ച്ചയ്ക്കായി പാലക്കാട്ട് എത്തിയ സുധാകരനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് തന്നെ നേതാവിനെതിരേ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. സുധാകരനെതിരേ കെപിസിസിയ്ക്ക് പരാതി നല്‍കുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് പി കെ ശ്രീകണ്ഠന് വ്യക്തമാക്കി.
സുധാകരന്റെ ഇടപെടല്‍ പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നാണ് ഡിസിസിയും പറഞ്ഞിരിക്കുന്നത്. നെഹ്രുകോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കോളേജിന്റെ ചെയര്മാന് പി കൃഷ്ണദാസിനെതിരേ മുസ്ളീംലീഗുകാരനായ ഷഹീര്‍ ഷൗക്കത്തലി മര്‍ദ്ദനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിപ്പിക്കാനുള്ള രഹസ്യ ചര്‍ച്ചയാണ് നടന്നത്. ജിഷ്ണു മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഷഹീറിന് മര്‍ദ്ദനമേറ്റത്. കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടതിനായിരുന്നു കൃഷ്ണദാസ് ഷഹീറിനെ മര്‍ദ്ദിച്ചത്. ജിഷ്ണുവിന്റെ കേസില്‍ കൃത്യമായ തെളിവുകളൊന്നും പോലീസിന് കിട്ടാത്ത സാഹചര്യത്തിലായിരുന്നു ഷഹീറിന്റെ പരാതി വെളിച്ചത്തു വന്നത്. ഇതിന് പിന്നാലെ തന്നെ കേസ് അട്ടിമറിക്കാനും ഷഹീറിനെക്കൊണ്ടു പരാതി പിന്‍വലിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കേസ് ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യമായി സുധാകരന് ചെര്‍പ്പുളശ്ശേരിയിലെ ബന്ധുവീട്ടില്‍ എത്തുയിരുന്നു. ഷഹീറിന്റെ കുടുംബവും കൃഷ്ണദാസുമായി ചര്‍ച്ച നടത്തുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സുധാകരനെ തടഞ്ഞു വെയ്ക്കുകയും രാത്രി 10 മണിയോടെ പോലീസ് എത്തി മോചിപ്പിക്കുകയുമായിരുന്നു. ഇരു വിഭാഗവും ആവശ്യപ്പെട്ടതിനാലാണ് താന്‍ ചര്‍ച്ചയ്ക്ക് എത്തിയതെന്നും ചര്‍ച്ച നടത്തിക്കഴിഞ്ഞു പോകുകയാണെന്നും സുധാകരന് പറയുകയും ചെയ്തു. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ തനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നെന്നും വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് എത്തിയതെന്നാണ് ഷഹീറും പറഞ്ഞത്.
വിവാദമായ കേസ് ഒതുക്കാന്‍ സുധാകരന് മുമ്പും ശ്രമിച്ചതായിട്ടാണ് ആരോപണം. ജിഷ്ണുക്കേസ് തന്നെ വന്‍ തലവേദനയായി മാറിയ സാഹചര്യത്തില്‍ നെഹ്രൂഗ്രൂപ്പിനും കൃഷ്ണദാസിനും കേസ് ഏറെ നിര്‍ണ്ണായകമായി മാറും. ജിഷ്ണുക്കേസില്‍ ജിഷ്ണു മര്‍ദ്ദനത്തിന് ഇരയായി എന്ന സംശയത്തില്‍ തെളിവുകള്‍ കാര്യമായി ഇല്ലെന്നിരിക്കെ ഷഹീറിന്റെ പരാതി നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ആദ്യം മുതല്‍ തന്നെ ഷഹീറിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിനിടയില്‍ ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതിന് പിന്നില്‍ സുധാകരന്റെ ഇടപെടല്‍ ഉണ്ടായതായി ജിഷ്ണുവിന്റെ വീട്ടുകാര്‍ ആരോപിച്ചു.






