
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് നിര്‍മ്മാതാവ്, ആന്റോ ജോസഫിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വച്ചാണ് മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമറിഞ്ഞ വ്യക്തികളിലൊരാളാണ് ആന്റോ ജോസഫ്.
ആക്രമിക്കപ്പെട്ട നടിയുമായി സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണ് ഡ്രൈവര്‍ മാര്ട്ടിന് എത്തിയത്. തുടര്‍ന്ന് ലാല്‍, പിടി തോമസ് എംഎല്എയേും ആന്റോ ജോസഫിനെയും വിളിച്ചു. രഞ്ജി പണിക്കരെയും ലാല്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. ലാല്‍ വിളിച്ചപ്പോള്‍ ഫോണ്‍ സൈലന്റ് മോഡിലായിരുന്നെന്നും രഞ്ജി പണിക്കര്‍ വിളിച്ചപ്പോഴാണ് താന്‍ വിവരം അറിഞ്ഞതെന്നും ആന്റോ ജോസഫ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
ലാലിന്റെ വീട്ടിലെത്തിയ ആന്റോ ജോസഫിന്റെ ഫോണില്‍ നിന്നും പിടി തോമസ് പള്‍സര്‍ സുനിയെ വിളിച്ചിരുന്നു. രണ്ട് തവണ വിളിച്ചുവെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. പിന്നീട് തിരിച്ചു വിളിക്കുകയും താന്‍ ആന്റോ ജോസഫാണെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്തതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ നടന് ധര്മ്മജന് ബോള്‍ഗാട്ടിയേയും ദിലീപിന്റെ സഹോദരന് അനൂപിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു.






