
ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്ക് ഗതാഗത തടസങ്ങൾ നേരിടേണ്ടി വരാതിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ 45 മിനിറ്റ് കാത്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ഓടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹം, പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കാനിരുന്നതിനാൽ ഉടൻ ഔദ്യോഗിക വസതിയിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു.
ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ആരോപിച്ച് നേരത്തെ റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷയുടെ പുനഃപരീക്ഷ കർശന സുരക്ഷാ സംവിധാനങ്ങളോടെയാണ് രാജ്യത്തുടനീളം ആരംഭിച്ചത്. മെഡിക്കൽ പ്രവേശനത്തിനായുള്ള ഈ നിർണായക പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
മുൻപരീക്ഷയിലുണ്ടായ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ടെസ്റ്റിങ് ഏജൻസിയും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 551 നഗരങ്ങളിലായി 5,440 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ 14 വിദേശ കേന്ദ്രങ്ങളിലും പരീക്ഷ സംഘടിപ്പിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കേന്ദ്രസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടര ലക്ഷം ഉദ്യോഗസ്ഥർ വിവിധ ചുമതലകളിൽ പ്രവർത്തിക്കുന്നുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിലെ നിരീക്ഷണം ശക്തമാക്കുന്നതിനായി രാജ്യവ്യാപകമായി 95,000 ക്ലാസ് മുറികളിലായി 1.38 ലക്ഷം നിർമിത ബുദ്ധി (AI) ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.






