
ന്യൂഡല്‍ഹി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. കൃഷ്ണദാസ്, ശക്തിവേല്‍ എന്നിവര്‍ കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും കോയമ്പത്തൂരില്‍ തങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. കൃഷ്ണദാസിന്റെയും മറ്റു പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജിഷ്ണു പ്രണോയുടെ മരണം, വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഹൗക്കത്തലിയെ മര്‍ദ്ദിച്ച കേസുകളിലാണ് കൃഷ്ണദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന കേസും കൃഷ്ണമുമാറിനെതിരെ നിലനില്‍ക്കുന്നതിനാല്‍ അതീവ ഗൗരവമുള്ള ഹര്‍ജിയാണിതെന്നും ആത്മഹത്യ കേസ് സിബിഐയ്ക്ക് വിട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഗൗരവമുള്ള കേസ് തന്നെയാണെന്ന് നിരീക്ഷിച്ച കോടതി കേസില്‍ സി.ബി.ഐ നിലപാട് അറിഞ്ഞ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കി. ജിഷ്ണു പ്രണോയ് കേസില്‍ സി.ബി.ഐ നിലപാട് രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, നെഹ്റു ഗ്രൂപ്പിന് തൃശൂരിലും പാലക്കാടും കോളജുകള്‍ ഉണ്ടെന്നും ഇവിടെ നിന്നും ഓഫീസ് സ്ഥിതി ചെയ്യുന്ന കോയമ്പത്തൂരിലേക്ക് പോകേണ്ടതുണ്ടെന്നും അതുവഴി മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും കൃഷ്ണദാസിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഓഫീസ് കോയമ്പത്തൂരില്‍ ആയതിനാല്‍ അവിടെ തന്നെ കൃഷ്ണദാസ് തങ്ങണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ കടന്നാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.






