
ന്യൂഡല്‍ഹി: അഴിമതി, അനധികൃത സ്വത്ത് സമ്പാദനകേസില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ വിടാതെ പിന്തുടര്ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ആദായ നികുതി വകുപ്പ്, സി.ബി.ഐ എന്നിവര്‍ക്ക് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ലാലുവിന്റെ കുടുംബത്തിനെതിരെ നീക്കം തുടങ്ങി. ലാലുവിന്റെ മകള്‍ മിസ ഭാരതിയുടെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് റെയ്ഡ്. അനധികൃതമായി ബിനാമി പേരില്‍ ഭൂമി വാങ്ങിയതായി മിസയ്ക്കും ഭര്‍ത്താവ് ഷൈലേഷ് കുമാറിനുമെതിരെ ആരോപണമുണ്ട്.
ലാലു റെയില്‍വേ മന്ത്രിയായിരിക്കേ സ്വകാര്യ കമ്പനികള്‍ക്ക് ഹോട്ടല്‍ നടത്തിപ്പ് പാട്ടത്തിന് നല്കി പകരം ഭൂമി സ്വന്തമാക്കിയെന്ന കേസില്‍ ഇന്നലെ ലാലുവിന്റേയും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി എന്നിവരടുടെ വീടുകള്‍ അടക്കം പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നലെ സി.ബി.ഐ റെയ്ഡ് നടന്നിരുന്നു.
മിസയ്ക്കും ഭര്‍ത്താവിനുമെതിരായ കേസ് ഡല്‍ഹിയിലെ ബിജ്വാസനില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള മിഷെയ്ല്‍ പാക്കേഴ്സ് ആന്റ് പ്രിന്റേഴ്സ് നടത്തിയ ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് സൂചനയുണ്ട്. ഇത് ഒരു കടലാസ് കമ്പനിയാണെന്നും ഈ കമ്പനിയുടെ മറവില്‍ മിസയും ഭര്‍ത്താവും വന്‍തുക വായ്പ എടുത്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പും സംശയിക്കുന്നുണ്ട്.






