കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പലരും തള്ളിപ്പറയുമ്പോഴും ദിലീപുമായുള്ള പ്രശ്നത്തിന്റെ പേരില്‍ കേസില്‍പ്പെട്ട നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍ മാത്രം പ്രതികരിച്ചിരുന്നില്ല. പലരും ദിലീപുമായുള്ള പഴയ ശത്രുത തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിക്കുമ്പോള്‍ ദിനേശ് പണിക്കര്‍ അതിന് തയ്യാറല്ല. പതിനഞ്ച് വര്‍ഷം മുമ്പ് ദിലീപുമായി കേസ് നടന്നു എന്നത് സത്യമാണ്. പിന്നീട് ഒരാഴ്ചയ്ക്കുള്ളില്‍ സംഘടനകള്‍ ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
പിന്നീട് ദിലീപുമായുള്ള തെറ്റിദ്ധാരണകള്‍ മാറി. അദ്ദേഹവുമായി പിന്നീട് സൗഹൃദത്തോടെയേ ഇടപെട്ടിട്ടുള്ളൂ എന്നും ദിനേശ് പണിക്കര്‍ വെളിപ്പെടുത്തി. ദിലീപിന്റെ സിനിമകളില്‍ തന്നെ അഭിനയിക്കാന്‍ വിളിക്കാറുണ്ട്. ദിലീപിന്റെ തീയറ്ററിന്റെ ഉദ്ഘാടനത്തിനും വിളിച്ചിരുന്നു. ദിലീപിനെ നായകനാക്കി പിന്നീട് ഒരു സിനിമ നിര്‍മ്മിക്കാനും പദ്ധതിയിട്ടിരുന്നതായി ദിനേശ് പണിക്കര്‍ പറഞ്ഞു. ദിലീപിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ മനസിലാക്കുന്നു. പഴയ കാര്യങ്ങളുടെ പേരില്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനില്ലെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേമസയം ചെക്ക് കേസില്‍ ദിനേശ് പണിക്കര്‍ കിടന്ന സെല്ലിലാണ് ദിലീപ് കിടക്കുന്നതെന്ന് ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ ആരോപിക്കുന്നത് വാസ്തവവിരുദ്ധമായ വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുമ്പോള്‍ തനിക്ക് ബോധക്ഷയമുണ്ടായി. തുടര്‍ന്ന് രണ്ട് ദിവസം ആശുപത്രിയിലാണ് കിടന്നത്. രണ്ട് ദിവസത്തിന് ശേഷം ജാമ്യം കിട്ടുകയും ചെയ്തു. അതിനാല്‍ ജയിലില്‍ കിടക്കേണ്ടി വന്നില്ല. ജയിലില്‍ അടച്ചിരുന്നെങ്കില്‍ അത് ആലുവ സബ്ജയിലില്‍ ആകുമായിരുന്നെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.






