
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ദൃശ്യങ്ങള്‍ എടുത്ത മൊബൈല്‍ ഫോണ്‍ ദിലീപിന് വേണ്ടി ഏറ്റുവാങ്ങിയ വിഐപിയുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിനെ സഹായിച്ചെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന് പ്രതീഷ് ചാക്കോയാണ് മൊബൈല്‍ വിഐപിയ്ക്ക് കൈമാറിയതായി പോലീസിന് മൊഴി നല്‍കിയത്. ഇയാളെ കുറിച്ചുള്ള പേരും പോലീസിന് കിട്ടി. പ്രതീഷ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിഐപിയുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
കേസിലെ പ്രതിയായ സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പ്രതീഷിന് കൈമാറിയെന്നാണ് പോലീസിന് നല്കിയ മൊഴി. ഈ വിഐപിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. . ഒളിവില്‍ പോയിരുന്ന പ്രതീഷ് ചാക്കോ അഭിഭാഷകന് മുഖേനെയാണ് അന്വേഷണസംഘവുമായി ആശയ വിനിമയം നടത്തിയത്. ഇന്നലെ പ്രതീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഇന്ന് പ്രതീഷ് അന്വേഷണസംഘത്തിന് മുന്നിലെത്തുമെന്നാണ് വിവരം. മൊബൈല്‍ഫോണ്‍ കൈവശം വെച്ചത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും ചോദ്യം ചെയ്യലില്‍ മറ്റെന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അറസ്റ്റിന് തടസ്സമില്ലെന്നും ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ജയിലിലെ ഫോണ്‍വിളിക്കേസില്‍ ഇന്നലെ കാക്കനാട് കോടതിയില്‍ ഹാജരാക്കവേ ഇപ്പോള്‍ കുടുങ്ങിയതു സ്രാവല്ലെന്നും കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കവേ കഥ പകുതിയേ ആയിട്ടുള്ളൂവെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വി.ഐ.പിയോടു ചോദിക്കണമെന്നുമായിരുന്നു മറുപടി. അതിനിടെ വിദേശത്തുവച്ച് തന്റെ സിം കാര്‍ഡ് നശിപ്പിച്ചെന്ന വാര്‍ത്ത കേസുമായി ബന്ധപ്പെട്ടു പോലീസ് മൊഴിയെടുത്ത എം.എല്‍.എ. നിഷേധിച്ചു.
സ്ഥിരമായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് വിദേശയാത്രയ്ക്കിടെ നശിപ്പിെച്ചന്നായിരുന്നു പ്രചാരണം. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വോഡഫോണ്‍ സിം കാര്‍ഡാണ് കാണാതായത്. എന്നാല്‍, വിദേശയാത്രയ്ക്കിടെ അവിടത്തെ ലോക്കല്‍ സിം കാര്‍ഡ് ഐ ഫോണില്‍ ഉപയോഗിക്കേണ്ടിവന്നതിനാല് വോഡഫോണ്‍ സിം കാര്‍ഡ് ഊരിമാറ്റിയെന്നും പിന്നീട് ഇതു കാണാതായെന്നും എം.എല്‍.എ. വിശദീകരിച്ചു. ആലുവ പോസ്റ്റോഫീസ് ജങ്ഷനിലുള്ള വോഡഫോണ്‍ ഔട്ട്ലെറ്റില്നിന്ന് പുതിയ സിം വാങ്ങാന്‍ വിദേശത്തുവച്ചുതന്നെ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. എം.എല്‍.എയുടെ ലെറ്റര്‍ ഹെഡില്‍ നല്കിയ അപേക്ഷപ്രകാരമാണ് പകരം സിം ലഭിച്ചത്.
തന്റെ അടുത്ത സുഹൃത്തായ ദിലീപുമായി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും എം.എല്‍.എ. വ്യക്തമാക്കി. എന്നാല്‍, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങളിലെല്ലാം താന്‍ നിരപരാധിയാണെന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ പ്രത്യേക പങ്കൊന്നുമില്ലാത്ത ദിലീപിനുവേണ്ടി കേസിന്റെ തെളിവുനശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും രാഷ്ട്രീയജീവിതത്തെ കരിവാരിത്തേക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും എം.എല്‍.എ. പറഞ്ഞു.






