ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ജയം. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. കെആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ദളിതന് കൂടിയാണ് കോവിന്ദ്. ഇലക്ടറല്‍ കോളജിലെ 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് കോവിന്ദ് വിജയം ഉറപ്പിച്ചത്. എതിര് സ്ഥാനാര്‍ത്ഥി മീരാ കുമാറിന് 34.35 ശതമാനം വോട്ട് നേടി. കോവിന്ദിന് 522 എംപിമാരുടെ പിന്തുണ ലഭിച്ചു. മീരാ കുമാറിന് 225 എംപിമാരുടെ പിന്തുണയും ലഭിച്ചു. 21 എംപിമാര്‍ വോട്ട് അസാധുവാക്കി.
വൈകുന്നേരം നാല് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. റിട്ടേണിംഗ് ഓഫീസറായ ലോക്സഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോവിന്ദ് 4,79,585 വോട്ടുമൂല്യം നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ 2,04,594 വോട്ടുമൂല്യവും നേടി. ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിന്ദിന് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നു. ഗുജറാത്തില്‍ അറുപത് കോണ്‍ഗ്രസിന് 60 എംഎല്‍എമാരുണ്ട്. എന്നാല്‍ ഇതില്‍ 49 പേരുടെ വോട്ടുകളാണ് മീര കുമാറിന് ലഭിച്ചത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 1945 ഒക്ടോബര്‍ ഒന്നിന് ഒരു കര്‍ഷക കുടുംബത്തിലാണ് കോവിന്ദ് ജനിച്ചത്. കാണ്‍പൂര്‍ യൂണിവേഴ്സിറ്റ് കീഴിലുള്ള ദാവ് കോളജില്‍ നിന്നും കോവിന്ദ് കൊമേഴ്സിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. നിയമബിരുദം നേടിയ ശേഷം അദ്ദേഹം ഡല്‍ഹിയില്‍ പ്രാക്ടീസ് തുടങ്ങി. ഇതിനിടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചുവെങ്കിലും ഐഎഎസ് കിട്ടാതിരുന്നതിനാല്‍ നിയമ മേഖലയിലേക്ക് തന്നെ മടങ്ങി. 1970-80 കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്നു.
1977-78ല്‍ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 1991ല്‍ അദ്ദേഹം ബിജെപിയിലെത്തി. 1998-2002 കാലയളവില്‍ ബിജെപിയുടെ ദളിത് മോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്നു. പാര്‍ട്ടിയുടെ ദേശീയ വക്താവായും പ്രവര്‍ത്തച്ചിട്ടുണ്ട്. യുപിയിലെ ഘട്ടംപൂര്‍, ഭോഗ്നിപൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. രണ്ട് മത്സരത്തിലും പരാജയമായിരുന്നു ഫലം.
1994ല്‍ യുപിയില്‍ നിന്നും രാജ്യസഭയില്‍ എത്തിയ കോവിന്ദ് രണ്ട് തവണ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം രാജ്യസഭാംഗമായിരുന്നു. രാജ്യസഭാംഗമായിരിക്കെ നിരവധി പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ഒക്ടോബറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്തിട്ടുണ്ട്. ലക്നൗവിലെ ഡോ. ബിആര്‍ അംബേദ്കര്‍ യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2015 ഓഗസ്റ്റ് 8ന് ബീഹാര്‍ ഗവര്‍ണറായി നിയമതിനായി. തല്‍സ്ഥാനത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രവചിക്കപ്പെട്ട പേരുകളെല്ലാം പിന്തള്ളി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രാംനാഥ് കോവിന്ദ് രംഗത്ത് വന്നത്.






