
ആലുവ: ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. ചൂര്‍ണിക്കര വില്ലേജ് അസിസ്റ്റന്റായ ടിബി അനില്‍കുമാറിനെ ആലുവ റയില്‍വേ പരിസരത്ത് വെച്ചാണ് പിടികൂടുകയായിരുന്നു. കൈക്കൂലി വാങ്ങി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട ഇയാള്‍ ഓടി രക്ഷപ്പെട്ടു എന്നാല്‍ പലയിടത്തായി നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ സിനിമ സ്റ്റൈലില്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
അശോകപുരം സ്വദേശി ജിജോ ഫ്രാന്‍സിസ് സ്ഥലത്തിന്റെ പോക്കുവരവിനായി 1500 രൂപ നല്‍കിയെങ്കിലും 15000 രൂപ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കുറച്ച് 6500 രൂപയാക്കി. ഇത്രയും തുക നല്‍കാനുള്ള സാമ്പത്തികം ഇല്ലെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാണ് പിതാവ്.
ഇതോടെ ജിജോ വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. അവരുടെ നിര്‍ദ്ദേശ പ്രകാരം റയില്‍വേ സ്റ്റേഷന് റോഡില്‍ എത്തി. വിജിലന്‍സ് നല്കിയ 6500 രൂപയാണ് നല്‍കിയത്. പണം നല്കിയ ഉടനെ ഡിവൈഎസ്പി എംഎന്‍ രമേശ് പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ അനില്‍കുമാര്‍ ഓടി. പക്ഷേ സമീപത്ത് നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
കരസേനയില്‍ ഹവീല്‍ദാര്‍ ആയിരുന്ന പ്രതി ഏഴു വര്‍ഷം മുന്‍പാണ് വിമുക്ത ഭടന്മാര്ക്കുള്ള സംവരണ ആനുകൂല്യത്തില്‍ റവന്യു സര്‍വ്വീസില്‍ കയറിയത്. മുന്‍പ് ജോലി ചെയ്തിരുന്ന ആലുവ വെസ്റ്റ് വില്ലേജില്‍ നിന്നും പരാതി വന്നിട്ടുണ്ട്.






