ന്യുഡല്‍ഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനും നിരഞ്ജന് ഷായ്ക്കും സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. ഇരുവരും ബിസിസിഐ ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കരുതെന്ന് സുപ്രീം കോടതി. ലോധ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചും ശ്രീനിവാസന് ബിസിസിഐ മീറ്റിംഗില്‍ പങ്കെടുത്ത് വരികയായിരുന്നു. എഴുപത് വയസ് കഴിഞ്ഞവര്‍ ബിസിസിഐയുടെ ഭാരവാഹി ആകുകയോ മറ്റ് കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യരുതെന്നാണ് ബിസിസിഐ നിര്‍ദ്ദേശം.
സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 26ന് നടക്കുന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ ശ്രീനിവാസനും ഷായ്ക്കും പങ്കെടുക്കാനാകില്ല. ബിസിസിഐ ഭാരവാഹികള്‍ മാത്രമേ മീറ്റിംഗില്‍ പങ്കെടുക്കാവൂ എന്നും സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. 26ന് നടക്കുന്ന മീറ്റിംഗില്‍ ലോധ കമ്മറ്റിയുടെ ശിപാര്‍ശകള്‍ പരമാവധി നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഒരു സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് എന്ന നിര്‍ദ്ദേശം പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോഗ്യത മറികടന്ന് എന്‍. ശ്രീനിവാസനും നിരഞ്ജന് ഷായും ബിസിസിഐ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനെതിരെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.





