
കൊല്‍ക്കത്ത: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തരക്കേടില്ലാത്ത സ്‌കോര്‍.
ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നാല് വിക്കറ്റിന് 181 റണ്ണെടുത്തു. അംഗ്‌ക്രിഷ് രഘുവംശി (33 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 45), നായകനും ഓപ്പണറുമായ അജിന്‍ക്യ രഹാനെ (24 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 41), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റോവ്‌മന്‍ പവല്‍ (24 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 39), കാമറൂണ്‍ ഗ്രീന്‍ (24 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 32) എന്നിവരുടെ ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് കൊല്‍ക്കത്തയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അവര്‍ക്കു തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (എട്ട് പന്തില്‍ ഒന്‍പത്‌്) വിക്കറ്റ് നഷ്‌ടമായി. പ്രിന്‍സ് യാദവ് അലനെ ദിഗ്‌വേഷ് സിങ് റാത്തിയുടെ കൈകളിലെത്തിച്ചു.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രഹാനെയും രഘുവംശിയും ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. കരുതലോടെ കളിച്ച ഇരുവരും മെല്ലെ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍ കൂട്ടിച്ചേര്‍ത്തു. 11-ാം ഓവറില്‍ ടീം സ്‌കോര്‍ 99 ല്‍ നില്‍ക്കെ രഹാനെയെ വീഴ്‌ത്തി ദിഗ്‌വേഷ് സിങ് റാത്തി കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറില്‍ രഘുവംശിയെ മണിമാരന്‍ സിദ്ധാര്‍ത്ഥും വീഴ്‌ത്തി. അതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. നാലാം വിക്കറ്റില്‍ ഒന്നിച്ച കാമറൂണ്‍ ഗ്രീനും റിങ്കു സിങ് (ഏഴ് പന്തില്‍ നാല്) മെല്ലെപ്പോയതോടെ കൊല്‍ക്കത്ത സ്‌കോര്‍ ഇഴഞ്ഞു. റിങ്കുവിനെ ആവേശ് ഖാന്‍ ബൗള്‍ഡാക്കി. റോവ്‌മന്‍ പവല്‍ ക്രീസിലെത്തിയതോടെയാണ് കൊല്‍ക്കത്ത ഇന്നിങ്‌സിനു ജീവന്‍വച്ചത്. പവലിന്റെ ആവേശം ഉള്‍ക്കൊണ്ട കാമറൂണ്‍ ഗ്രീനും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത സ്‌കോര്‍ 180 കടന്നു. പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ്, ദിഗ്‌വേഷ് റാത്തി, ആവേശ് ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് ഷമി നാല് ഓവറില്‍ 27 റണ്‍ വഴങ്ങിയെങ്കിലും വിക്കറ്റെടുക്കാനായില്ല.


