
ഈഡന്‍സ് ഗാര്‍ഡന്‍: കൊല്‍ക്കത്തയില്‍ വ്യാഴാഴ്ച നടന്ന ഐപിഎല്‍ 2026 പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മൂന്ന് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സമ്മാനിച്ചത് മുകുള്‍ ചൗധരിയുടെ വെടിക്കെട്ട്. ഐപിഎല്‍ 2026 ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗവും തമ്മിലുണ്ടായ വാശിയേറിയ ലേലംവിളിക്ക് ഒടുവില്‍ 2.6 കോടി രൂപയ്ക്കാണ് ലഖ്നൗ താരത്തെ സ്വന്തമാക്കിയത്.
182 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തുന്ന ലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ, 16 ഓവര്‍ പിന്നിടുമ്പോള്‍ 128/7 എന്ന നിലയില്‍ പതറുകയായിരുന്നു. ഈ സമയത്ത് ക്രീസില്‍ എത്തിയ 21-കാരനായ ചൗധരി 2 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെട്ട തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. വെറും 27 പന്തില്‍ നിന്ന് 54 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
കെ.കെ.ആര്‍ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം ലഖ്‌നൗ മറികടന്നു. വൈഭവ് അറോറ എറിഞ്ഞ 17-ാം ഓവറില്‍ രണ്ട് സിക്‌സറുകള്‍ പറത്തിയ താരം, തൊട്ടടുത്ത ഓവറില്‍ കാര്‍ത്തിക് ത്യാഗിക്കെതിരെയും രണ്ട് സിക്‌സറുകള്‍ നേടി. 19-ാം ഓവറില്‍ കാമറൂണ്‍ ഗ്രീനിനെതിരെ രണ്ട് സിക്‌സറുകളും ഒരു ഫോറും നേടി മുകുള്‍ ആധിപത്യം തുടര്‍ന്നു. അവസാന ഓവറില്‍ വൈഭവിനെതിരെ രണ്ട് സിക്‌സറുകള്‍ കൂടി പായിച്ച് താരം തന്റെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ടീമിന് വിജയം ഉറപ്പാക്കുകയും ചെയ്തു.
2023 ജനുവരിയില്‍ ഛത്തീസ്ഗഡിനെതിരെയായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. നാല് മത്സരങ്ങളില്‍ നിന്നായി 103 റണ്‍സാണ് സമ്പാദ്യം (ഉയര്‍ന്ന സ്‌കോര്‍: 45). 2023 ഒക്ടോബറില്‍ ജാര്‍ഖണ്ഡിനെതിരെ അരങ്ങേറ്റം കുറിച്ചു. നിലവില്‍ 7 ടി20 മത്സരങ്ങളില്‍ നിന്നായി 37.66 ശരാശരിയില്‍ 226 റണ്‍സ് നേടിയിട്ടുണ്ട്. തുടക്കത്തില്‍ ഒരു മീഡിയം പേസറായിരുന്ന മുകുള്‍ പിന്നീട് വിക്കറ്റ് കീപ്പിംഗിലേക്ക് മാറുകയും പിന്നീട് തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിലൂടെ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന്റെ ലേലത്തുക ഉയരാന്‍ പ്രധാന കാരണമായത്. 2025-26 സീസണില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നായി 198.85 എന്ന പ്രഹരശേഷിയില്‍ 173 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.



