
ബ്രസീൽ എന്ന പേര് കേൾക്കുമ്പോൾ ഫുട്‌ബോൾ മാത്രമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു ബ്രസീലിയൻ സുന്ദരി ചരിത്രം കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി ബ്രസീലിന്റെ ലോറ കാർഡോസോ അവിശ്വസനീയമായ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു.
ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണിൽ നടന്ന 'കലഹാരി വനിതാ ടി20' ടൂർണമെന്റിലായിരുന്നു ഈ മാന്ത്രിക ബൗളിംഗ് പ്രകടനം. ലെസോത്തോയ്ക്കെതിരായ മത്സരത്തിൽ വെറും 3 ഓവറിൽ 4 റൺസ് മാത്രം വഴങ്ങിയാണ് താരം 9 വിക്കറ്റുകൾ പിഴുതത്. തന്റെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തി ലോറ വരവറിയിച്ചു. രണ്ടാമത്തെ ഓവറിലെ അവസാന മൂന്ന് പന്തുകളിലും, നാലാമത്തെ ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റ് വീഴ്ത്തി എതിരാളികളെ ലോറ വിറപ്പിച്ചു. 2025-ൽ ഭൂട്ടാൻ താരം സോനം യേഷെ (8 വിക്കറ്റ്) സ്ഥാപിച്ച റെക്കോർഡും, വനിതാ ക്രിക്കറ്റിൽ ഇന്തോനേഷ്യയുടെ റോഹ്മാലിയയുടെ റെക്കോർഡുമാണ് ലോറ തിരുത്തിക്കുറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ ഉയർത്തിയ 204 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലെസോത്തോയ്ക്ക് ലോറയുടെ പന്തുകൾക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. ലെസോത്തോ 6.2 ഓവറിൽ വെറും 13 റൺസിന് എല്ലാവരും പുറത്തായി. അവസാന വിക്കറ്റ് മരിയാനെ അർതർ നേടിയതോടെ, ഒരു ഇന്നിങ്സിലെ പത്തു വിക്കറ്റും തികയ്ക്കുക എന്ന അപൂർവ്വ നേട്ടത്തിന് തൊട്ടരികെ ലോറയ്ക്ക് അവസരം നഷ്ടമായി.
ഫുട്ബോളിന്റെ ഈറ്റില്ലത്തിൽ നിന്ന് ക്രിക്കറ്റിലെ ഒരു ലോക റെക്കോർഡ് പിറന്നത് കായിക ലോകത്തെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. 21 വയസ്സുകാരിയായ ലോറ കാർഡോസോ ബ്രസീലിന്റെ ഗ്രാസ്‌റൂട്ട് ലെവൽ പരിശീലനത്തിലൂടെ വളർന്നുവന്ന താരമാണ്. ലോറയുടെ ഈ പ്രകടനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ, വരും കാലങ്ങളിൽ ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും വമ്പൻ ലീഗുകളിൽ താരം കളിക്കുമെന്ന് ബ്രസീൽ ക്രിക്കറ്റ് പ്രസിഡന്റ് റോബർട്ട മോറെട്ടി പ്രത്യാശ പ്രകടിപ്പിച്ചു.




