മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഒന്നാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ ബാഴ്സലോണയ്ക്കു തോല്‍വി. സ്പെയിനിലെ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് 2-0 ത്തിനാണു ബാഴ്സലോണയെ തോല്‍പ്പിച്ചത്.
സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ തോറ്റതോടെ ഹാന്‍സി ഫ്ളിക്കിന്റെ ശിഷ്യന്മാരുടെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ പ്രതിരോധ താരം പൗ കുബാര്‍സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബാഴ്സയെ ഞെട്ടിച്ചു. ഹൂലിയന്‍ അല്‍വാറസ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ഗോളടിച്ചത്. ശനിയാഴ്ച ലാ ലിഗ മത്സരത്തില്‍ അത്ലറ്റിക്കോയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണു ബാഴ്സ ഇറങ്ങിയത്. അവര്‍ സലോണ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. മാര്‍ക്കസ് റാഷ്ഫോഡിന്റെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ അത്ലറ്റിക്കോ ഗോള്‍ കീപ്പര്‍ മുസോയെ പരീക്ഷിച്ചു. ലാമിനെ യമാലിന്റെ പാസിനെ റാഷ്ഫോഡ് വലയിലാക്കിയെങ്കിലും ഓഫ് സൈഡ് വിധിച്ചു.
മത്സരഗതി മാറ്റിയതു കുബാര്‍സിയുടെ പിഴവാണ്. ഗോള്‍ ലക്ഷ്യമാക്കി കുതിച്ച സിമിയോണിയെ വീഴ്ത്തിയതിന് കുബാര്‍സിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്കി. ഫൗളിനു ലഭിച്ച ഫ്രീ കിക്ക് മനോഹരമായ ഒരു കര്‍വിങ് ഷോട്ടിലൂടെ അല്‍വാരസ് വലയിലെത്തിച്ചു. ബാഴ്സലോണ ഗോള്‍ കീപ്പര്‍ ജോന് ഗാഴ്സിയ ഫ്രീകിക്കിനു മുന്നില്‍ കാഴ്ചക്കാരന് മാത്രമായി. പത്തുപേരുമായി ചുരുങ്ങിയിട്ടും ബാഴ്സ പൊരുതി. റാഷ്ഫോഡിന്റെ ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 70-ാം മിനിറ്റില്‍ പകരക്കാരന് സോര്‍ലോത്തിലൂടെ അത്ലറ്റിക്കോ ലീഡ് ഉയര്‍ത്തി. റുഗേരിയുടെ ക്രോസിലായിരുന്നു സോര്‍ലോത്തിന്റെ ഫിനിഷിങ്. അവസാന നിമിഷം കാന്‍സെലോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും ബാഴ്സയ്ക്ക് തിരിച്ചടിയായി.
അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ രണ്ടിലധികം ഗോളുകളുടെ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ബാഴ്സയ്ക്കു സാധ്യതയുള്ളു. അടുത്തയാഴ്ചയാണു രണ്ടാംപാദ ക്വാര്‍ട്ടര്‍. നിലവിലെ ചാമ്പ്യന്‍ പാരീസ് സെയിന്റ് ജെര്മെയ്ന് സ്വന്തം തട്ടകമായ പാര്‍ക്ക് ഡി പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-0 ത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചു. പി.എസ്.ജിക്കായി ഡിസയര്‍ ദൗ, ക്വിച്ച ക്വാറത്സെലിയ എന്നിവര്‍ ഗോളടിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയോട് എഫ്.എ. കപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെയാണു ലിവര്‍പൂള്‍ പാരീസിലും തോറ്റത്. പ്രതിരോധം ശക്തമാക്കാന്‍ കോച്ച് ആര്‍നെ സ്ലോട്ട് പരീക്ഷിച്ച 3-4-2-1 ഫോര്മേഷന് തീര്‍ത്തും പരാജയമായി.
കളി തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ പി.എസ്.ജി. വലകുലുക്കി. ലിവര്‍പൂള്‍ പ്രതിരോധ നിരയുടെ സാന്നിധ്യത്തിലും ഡിസൈര്‍ ഡൂ ആണ് പാരീസ് നിരയെ മുന്നിലെത്തിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിര്‍ക്കാന്‍ കഴിയാത്ത വിധം ലിവര്‍പൂള്‍ നിഷ്പ്രഭമായി. 65-ാം മിനിറ്റില്‍ ക്വിച്ച ക്വാറത്സെലിയ രണ്ടാം ഗോളുമടിച്ചതോടെ ലിവര്‍പൂള്‍ രണ്ടാം പകുതിയിലും നിഷ്പ്രഭമായി. ജോവാ നീവ്സിന്റെ തകര്‍പ്പന്‍ പാസിനൊടുവില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ മാമര്‍ദാഷ് വില്ലിയെ മറികടന്നാണ് ക്വാറത്സെലിയ ലക്ഷ്യം കണ്ടത്. പ്രതിരോധം ശക്തമാക്കി കളിച്ചിട്ടും പി.എസ്.ജിയുടെ ആക്രമണത്തെ തടയാന്‍ ലിവര്‍പൂളിനായില്ല. ഗോളുകള്‍ മടക്കാന്‍ ആക്രമിച്ച് കളിക്കാത്തതും സ്ലോട്ടിന് വരും മത്സരങ്ങളിലും തലവേദനയാകും. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പി.എസ്.ജിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ ലിവര്‍പൂള്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഗോള്‍ കീപ്പര്‍ വില്ലിയുടെ രക്ഷപ്പെടുത്തലുകളും നിര്‍ണായകമായി. ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ ലിവര്‍പൂളിന് രണ്ടിലധികം ഗോളടിക്കുകയും പി.എസ്.ജിയെ ഗോളടിക്കാന്‍ വിടാതിരിക്കുകയും വേണം. കഴിഞ്ഞ ദിവസം നടന്ന ഒന്നാംപാദ ക്വാര്‍ട്ടറുകളില്‍ മുന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കും ആഴ്സണലും ജയിച്ചിരുന്നു. ബയേണ്‍ മുന്‍ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ ചെന്നാണു തോല്‍പ്പിച്ചത്. റയാലിന്റെ സ്വന്തം സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരം 2-1 നാണ് അവസാനിച്ചത്്. ബയേണിനായി ലൂയിസ് ഡിയാസും ഹാരി കെയ്നും ഗോളടിച്ചു. കിലിയന്‍ എംബാപ്പെയാണ് റയാലിനായി ഗോളടിച്ചത്. സ്പോര്‍ട്ടിങിന്റെ തട്ടകമായ ഹൊസെ അലവാഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ 1-0 ത്തിനാണു ജയിച്ചത്. കായ് ഹാവ്ററ്റ്്സ് നേടിയ ഗോളാണ് ആഴ്സണലിനെ ജയിപ്പിച്ചത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍. 16 ന് ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണു രണ്ടാം പാദം മത്സരം.


