ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഒരു റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റിന് 210 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
പ്രസിദ്ധ കൃഷ്ണ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഡല്‍ഹിക്കു വേണ്ടത് 13 റണ്‍. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഗുജറാത്തിന് ബൗണ്ടറിയില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിച്ചിരുന്നുള്ളു. ക്രീസിലുണ്ടായിരുന്നത് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫിനിഷര്‍ ഡേവിഡ് മില്ലറും വിപ്രാജ് നിഗവും. നിഗം ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി. അടുത്ത പന്തില്‍ വിപ്രാജ് (ഏഴ് പന്തില്‍ 12) നായകന് ശുഭ്മന്‍ ഗില്ലിനു ക്യാച്ച് നല്കി. മൂന്നാം പന്ത് നേരിട്ട കുല്‍ദീപ് യാദവ് സിംഗിളെടുത്തു. അതോടെ ലക്ഷ്യം മൂന്ന് പന്തില്‍ എട്ട്. നാലാം പന്തില്‍ മില്ലറുടെ വക സിക്സര്‍. ലക്ഷ്യം രണ്ട് പന്തില്‍ രണ്ട്.
അഞ്ചാം പന്തില്‍ സിംഗിള്‍ നേടാന്‍ അവസരമുണ്ടായെങ്കിലും മില്ലര്‍ താല്പര്യപ്പെട്ടില്ല. അവസാന പന്തില്‍ രണ്ട്. ഗില്ലും പ്രസിദ്ധും ചേര്‍ന്ന് ഏറെ ചര്‍ച്ച നടത്തിയ ശേഷമാണു പന്തെറിഞ്ഞത്. വേഗം കുറഞ്ഞ ഷോര്‍ട്ട് പിച്ച് പുള്‍ ചെയ്യാന്‍ ശ്രമിച്ച മില്ലറിനു പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറുടെ കൈയില്‍. നോണ്‍ സ്ട്രൈക്കര്‍ കുല്‍ദീപ് യാദവ് (ഒന്ന്) ഓടിയെത്തും മുമ്പ് ബട്ട്ലര്‍ സ്റ്റമ്പ് എറിഞ്ഞിട്ടു. അതോടെ ജയം ഗുജറാത്തിനൊപ്പം. മില്ലര്‍ (20 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 41) നോക്കി നില്‍ക്കേയായിരുന്നു തോല്‍വി. ഡല്‍ഹി വൈഡിനുള്ള റിവ്യു നല്‍കിയെങ്കിലും അതും വിഫലമായി. സിംഗിളിനു ശ്രമിക്കാതിരുന്ന മില്ലര്‍ക്കെതിരേ വിമര്‍ശനവുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തി. സീസണില്‍ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്. ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ (52 പന്തില്‍ നാല് സിക്സറും 11 ഫോറുമടക്കം 92) വെടിക്കെട്ടിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല. ഗുജറാത്തിന്റെ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് നാല് ഓവറില്‍ 17 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതും ഡല്‍ഹിക്കു തിരിച്ചടിയായി. ഡല്‍ഹിക്ക് രാഹുലും പാത്തും നിസ്സങ്കയും (24 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 41) ചേര്‍ന്ന് മികച്ച തുടക്കം നല്കി. മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തി ഗുജറാത്ത് തിരിച്ചടിച്ചു. രാഹുല്‍ കൂടി വീണതോടെ തോല്‍വി ഉറപ്പിച്ച ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മില്ലറുടെ ഇന്നിങ്സാണ്. വിരലിനേറ്റ പരുക്കു മൂലം ബാറ്റിങ് പാതിയില്‍ നിര്‍ത്തി മടങ്ങേണ്ടിവന്ന മില്ലര്‍ തിരിച്ചെത്തിയാണ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയത്.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് അക്ഷര്‍ പട്ടേല്‍ ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായകനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ (45 പന്തില്‍ അഞ്ച് സിക്സറും നാല് ഫോറുമടക്കം 70), ജോസ് ബട്ട്ലര്‍ (27 പന്തില്‍ അഞ്ച് സിക്സറും മൂന്ന് ഫോറുമടക്കം 52), വാഷിങ്ടണ്‍ സുന്ദര്‍ (32 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ഗുജറാത്തിനെ മകച്ച നിലയിലെത്തിച്ചത്.



