
പാറ്റ്ന: ബിജെപിയെ നേരിടാന്‍ ബീഹാറില്‍ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കൈകോര്‍ത്ത മഹാസഖ്യത്തിലെ വിള്ളല്‍ കനക്കുന്നു. ലാലുവിന്റെ പുത്രന് തേജസ്വിയെ ചൊല്ലി ഉടലെടുത്തിരിക്കുന്ന വിവാദത്തില്‍ സഖ്യത്തിന്റെ ഭാവി അനിശ്ചിതത്തിലേക്ക് സൂചന നല്കി ഇരു നേതാക്കന്മാരും ഒരേ അജണ്ഡയില്‍ തങ്ങളുടെ പാര്‍ട്ടികളുടെ യോഗം ഒറ്റയ്ക്കൊറ്റയ്ക്ക് ചേര്‍ന്നതായിട്ടാണ് വിവരം.
അഴിമതിയാരോപണത്തില്‍ കുടുങ്ങിയ തേജസ്വി യാദവിന്റെ രാജിക്കാര്യത്തില്‍ ആയിരുന്നു രണ്ടു പാര്‍ട്ടികളും യോഗം ചേര്‍ന്നത്. തേജസ്വി രാജിവെയ്ക്കണമെന്ന നിലപാട് നീതീഷ് കടുപ്പിച്ചപ്പോള്‍ ലാലുവിന്റെ പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാക്കളില്‍ ഒരാള്‍ നിതീഷിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. നാല്‍പ്പതു വര്‍ഷമായി തനിക്ക് നിതീഷിനെ അറിയാമെന്നും അയാള്‍ വിശുദ്ധനല്ലെന്നും ആയിരുന്നു ലാലുവിന്റെ പാര്‍ട്ടിയിലെ സമുന്നതനായ നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞത്്. ഇരു പാര്‍ട്ടികളുടെയും സ്വരം കനക്കുമെന്ന സൂചനയാണ് ഇത്.
വെള്ളിയാഴ്ച ബിഹാര്‍ അസംബ്ളി പുതിയ സെഷന് തുടങ്ങിയപ്പോള്‍ പ്രതിപക്ഷം നിതീഷ് അഴിമതിക്ക് കൂട്ടു നില്ക്കുന്നതായി ആരോപിച്ചിരുന്നു. നിതീഷിന്റെ പുതിയ അഴിമതി രഹിത നയം പുതിയ പ്രതിരോധം തീര്‍ക്കേണ്ട സ്ഥിതിയിലേക്കാണ് ലാലുവിനെയും പാര്‍ട്ടിയേയും എത്തിച്ചിരിക്കുന്നത്. തങ്ങളുമായി ചര്‍ച്ചചെയ്യാന്‍ താണുകേണു അപേക്ഷിച്ചിട്ടും നിതീഷ്കുമാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറാകുന്നില്ല എന്നാണ് ശിവാനന്ദ് തീവാരി പറഞ്ഞത്. അഴിമതികേസ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും തങ്ങള്‍ക്കെതിരേ സിബിഐയെ ഉപയോഗിക്കാനുള്ള അവസരമാക്കി മാറ്റുകയാണെന്നാണ് ഇരു യാദവന്മാരും ആരോപിക്കുന്നത്.
ജൂലൈ 7 ന് ലാലുവിന്റെ പാറ്റ്നയില്‍ നടന്ന റെയ്ഡിനെ നിതീഷ്കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദള്‍ യൂണൈറ്റഷും പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല. തുടക്കത്തില്‍ ലാലു പ്രസാദ് യാദവിനെ പിന്തുണച്ച മഹാസഖ്യത്തിലെ മൂന്നാമത്തെ കക്ഷിയായ കോണ്‍ഗ്രസ് പിന്നീട് മിണ്ടുന്നില്ല. 28 കാരനായ ഉപമുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടുന്നതില്‍ നിന്നും തനിക്ക് മാറി നില്ക്കാന് കഴിയില്ലെന്ന നിതീഷിന്റെ നിലപാടിലാണ് കോണ്‍ഗ്രസ് നിശബ്ദമായത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയും രാഹുലും നിതീഷിനെയും ലാലു യാദവിനെയും കണ്ടിരുന്നു. രാഹുല്‍ഗാന്ധി പ്രശ്നം പരിഹരിക്കുമെന്ന് സോണി പറഞ്ഞതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാസഖ്യത്തിന് കര്ട്ടന് വീണാല്‍ പ്രതിപക്ഷത്തിന് അത് വലിയ ആയുധമായിരിക്കും. ബിജെപിയുടെയും മോഡിയുടെയും മുന്നേറ്റം തടയാന്‍ 2015 ല്‍ എതിരാളികളായ ലാലു യാദവും നിതീഷും കൈകോര്ക്കുകയൂം ഇതിലേക്ക് കോണ്‍ഗ്രസും അനേകം ചെറുപാര്‍ട്ടികളും പങ്കാളികളായി മാറുകയായിരുന്നു.






