
ഇടുക്കി: എസ്. രാജേന്ദ്രന് എം.എല്‍.എ. വെറും എട്ടു സെന്റിന്റെ ജന്മിയല്ല, അരയേക്കറിലെ കൈയേറ്റക്കാരനെന്നു കെ.എസ്.ഇ.ബി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ രാജേന്ദ്രന് വൈദ്യുതി വകുപ്പിന്റെ അരയേക്കര്‍ കൈയേറിയതായി കാണിച്ച് കെ.എസ്.ഇ.ബി. ഇന്‍വസ്റ്റിഗേഷന്‍ ഫീല്‍ഡ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയറാണു റിപ്പോര്‍ട്ട് നല്‍കിയത്. കെ.എസ്.ഇ.ബി. ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണു വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടാക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തി.
ഇതുസംബന്ധിച്ച് എന്‍ജിനീയര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മംഗളത്തിനു ലഭിച്ചു. എം.എല്‍.എയുള്െപ്പടെ മൂന്നുപേര്‍ ചേര്‍ന്നു സ്ഥലം കൈയേറിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേ നമ്പര്‍ 843/എ യില്‍ ഉള്‍പ്പെട്ട 50 സെന്റാണ് രാജേന്ദ്രന് കൈയേറിയതെന്നും ഭൂമി തിരിച്ചു പിടിക്കേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ മൂന്നാര്‍ ദൗത്യത്തിനിടെയാണ് എസ്.രാജേന്ദ്രന് എം.എല്‍.എയുടെ ഇക്കാനഗറിലെ കൈയേറ്റം ആദ്യം വിവാദമായത്. എന്നാല്‍ പുറത്തുവന്നത് എട്ടു സെന്റിലെ കൈയേറ്റം മാത്രമാണ്. ഈ ഭൂമിയില്‍ തനിക്ക് പട്ടയമുണ്ടെന്ന വാദമാണ് അന്നു രാജേന്ദ്രന് ഉയര്‍ത്തിയത്.
എതിര്‍പ്പുകളെത്തുടര്‍ന്നു മൂന്നാര്‍ ദൗത്യം നിലച്ചു. പിന്നീട് ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലുമായി രംഗത്ത് എത്തിയതോടെ എം.എല്‍.എയുടെയും ഇതിനു സമീപമുള്ള സ്ഥലത്തെയും ഭൂമി കെ.എസ്.ഇ.ബിയുടേതാണന്നു വീണ്ടും വാദമുയര്‍ന്നിരുന്നു. സംഭവം നിയമസഭയിലും വിവാദമായി. എന്നാല്‍, ഇക്കാനഗറിലെ എട്ടു സെന്റ് തന്റെ സ്വന്തമാണെന്നായിരുന്നു രാജേന്ദ്രന്റെ വാദം.
മുഖ്യമന്ത്രി പിണറായി വിജയനും ഇതാവര്‍ത്തിച്ചു. എന്നാല്‍, ഈ വാദങ്ങളെ തള്ളിക്കൊണ്ട് 2015-ല്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു. ഇതിലും രാജേന്ദ്രന് ഭൂമി കൈയേറിയെന്നു പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചതിന്റെ രേഖകളുമായി എം.എല്‍.എ. രംഗത്തെത്തി. ഇതോടെ അന്വേഷണം നടത്താന്‍ റവന്യൂമന്ത്രി നിര്‍ദേശിച്ചു. ഇതിനിടെ സബ്കലക്ടറെ സ്ഥലംമാറ്റി. റവന്യൂമന്ത്രി നിര്‍ദേശിച്ച അന്വേഷണവും പാതിവഴിയിലാണ്.
നിലവില്‍ ഈ ഭൂമി സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇതുസംബന്ധിച്ചുള്ള നടപടികള്‍ കലക്ടര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടയാണ് കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. രാജേന്ദ്രന് കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് 843/എ. ഇവിടെ ഇപ്പോള്‍ അന്‍പതോളം വീടുകളും ചെറുകിട റിസോര്‍ട്ടുകളുമാണുള്ളത്. ഇതാണു പാര്‍ട്ടി ഗ്രാമമെന്ന പേരില്‍ മുമ്പ് വിവാദമായത്. എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഇവിടെ നൂറില്‍പരം കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നമ്പര്‍ നല്കിയതും വിവാദമായിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ വസ്തുതകള്‍ പുറത്തുവരൂ.






