
പാറ്റ്ന: ബിജെപിയുടെ പിന്തുണയോടെ ബീഹാറില്‍ ആറാമതു തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ലാലുപ്രസാദ് യാദവിനൊപ്പം മഹാസഖ്യത്തില്‍ നിന്നും പുറത്തു വന്ന നിതീഷ്കുമാറും ജെഡിയുവും ബിജെപിയുടെ പിന്തുണ സ്വീകരിക്കുകയായിരുന്നു. സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. നിതീഷ് ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പാറ്റ്നയില്‍ നടന്ന ചടങ്ങിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളില്‍ നിതീഷ്കുമാര്‍ തന്റെ ഭൂരിപക്ഷം തെളിയിക്കും.
അത്യന്തം നാടകീയമായി കഴിഞ്ഞ ദിവസം രാജി വെയ്ക്കുകയും തൊട്ടുപിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ സമീപിക്കുകയുമായിരുന്നു. ബീഹാറിലെ കക്ഷി നില അനുസരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി യാണ്. 80 സീറ്റുള്ള അവര്‍ക്ക് പിന്നിലാണ് നിതീഷിന്റെ ജെഡിയു. 71 സീറ്റുകളുള്ള ജെഡിയു നേതാവ് നിതീഷ് 53 സീറ്റുകളുമായി മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ പിന്തുണയൂണ്ടെന്ന് ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തിയതോടെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. 243 സീറ്റുകളുള്ള ബീഹാര്‍ അസംബ്ളിയില്‍ ജെഡിയുവും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ സീറ്റുകള്‍ നേര് പകുതിയോളം വരും. 122 സീറ്റുകളാണ് ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം.
ഇന്നല്െ രാത്രിയില്‍ തങ്ങള്‍ക്ക് ബിജെപിയുടെയും മറ്റു ചെറുപാര്‍ട്ടികളുടേയും ആയി 132 പേരുടെ പിന്തുണയുണ്ടെന്ന് നിതീഷ് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ അറിയിക്കുകയായിരുന്നു. ഇതോടെ രണ്ടു വര്‍ഷം പ്രായമായ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടെ 18 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് തകര്‍ന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും തങ്ങളെ ക്ഷണിക്കാത്തതില്‍ ലാലുപ്രസാദിന്റെ പുത്രനും വിവാദ നായകനുമായി മാറിയ തേജസ്വീ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബീഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് തേജസ്വി നിലപാട് എടുത്തതിന് തൊട്ടു പിന്നാലെയാണ് നിതീഷ് മന്ത്രിസഭ താഴെയിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്.






