
ന്യുഡല്‍ഹി: പാചക വാതക സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കിയത്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നും കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്ത് സബ്സിഡി പാചക വാതക സിലിണ്ടര്‍ ഇല്ലാതാക്കുമെന്നും അതിനു മുന്നോടിയായി സിലിണ്ടര്‍ ഒന്നിന് മാസം നാലു രൂപ വീതം വര്‍ധിപ്പിക്കുമെന്നും ഇന്നലെ പെട്രോളിയം മന്ത്രി ലോക്സഭയില്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ഇന്ന് പ്രതിപക്ഷം സഭയില്‍ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് ഈ വിഷയം പ്രക്ഷബ്ദമാക്കിയിരുന്നു. ലോക്സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
അതേസമയം, സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 23 രൂപ കുറഞ്ഞു. 512.50 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും കുറവുണ്ടായി. സിലിണ്ടര്‍ ഒന്നിന് 58 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സബ്സിഡി രഹിത സിലിണ്ടര്‍ വില 983 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.






