
വാഷിങ്ടണ്‍ : സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്നും 900 പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭീമന് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹം എന്ന പ്രത്യേകതയും ഈ ഗ്രഹത്തിനുണ്ട്. സ്ട്രാറ്റോസഫിയറുള്ള ഗ്രഹം ഉണ്ടെന്ന സൂചനകള്‍ ശാസ്ത്ര ലോകത്തെ തേടി നേരത്തെ എത്തിയിരുന്നു എങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. നാസയുടെ ഹബിള്‍ സ്പേസ് ടെലിസ്കോപ് ഉപയോഗിച്ചാണ് ഡബ്ല്യു.എ.എസ്.പി121ബി എന്ന അന്യഗ്രഹത്തെ തെരഞ്ഞത്.
കൂടുതല്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന്റെ ഘടന മനസിലാക്കുക ദുഷ്കരമാണ്. അതുകൊണ്ടു തന്നെ ഇതിനായി ചില നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുവെന്ന് മേരിലാന്റ് യൂണിവേഴ്സിറ്റിയിലെ ഡ്രേക്ക് ഡെമിങ് പറഞ്ഞു. ഈ അന്യഗ്രഹത്തിന് കഠിനമായ ചൂടാണുള്ളത്. അതുകൊണ്ടു തന്നെ ബാഷ്പ രൂപത്തിലാണ് അന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ളത്. 'ചൂടന്‍ വ്യാഴം' എന്ന വിഭാഗത്തില്‍ പെടുന്ന അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജലസാന്നിധ്യം തിരിച്ചറിയാനായത് നിര്‍ണ്ണായക ചുവടുവെപ്പായാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്.






