
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹനമിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ ഒന്നാം പ്രതി സുഹൈലിന്റെയും മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ട വാദം പൂർത്തിയായിരുന്നു.
കുറ്റകരമായ നരഹത്യയ്ക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപകടസമയത്തെ വാഹനത്തിന്റെ വേഗം തെളിയിക്കുന്ന രേഖകൾ പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
അപകടത്തിന് പിന്നാലെ സുഹൈൽ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിട്ടില്ലെന്നും കേസിലെ മറ്റ് പ്രതികൾ കാറിലെ യാത്രക്കാർ മാത്രമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കാറിലുണ്ടായിരുന്നവർ ഡ്രൈവറെ അമിതവേഗത്തിൽ വാഹനമോടിക്കുന്നതിൽ നിന്ന് തടഞ്ഞില്ലെന്ന ആരോപണത്തിനും എഫ്ഐആറിലെ സാക്ഷിമൊഴികളിൽ അടിസ്ഥാനമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ, കേസിൽ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.







Comments