
തിരുവനന്തപുരം: ശബരിമലയിലെ തിരക്കിനു പരിഹാരമായി നിലയ്ക്കലിൽ ജർമ്മൻ മാതൃകയിൽ വിശ്രമ കേന്ദ്രം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പമ്പയിൽ തിരക്ക് വർദ്ധിക്കാതിരിക്കാനായി നിലയ്ക്കലിൽ 6000 തീർത്ഥാടകരെ ഉൾക്കൊള്ളാൻ പര്യാപ്തമായ കേന്ദ്രം നിർമ്മിക്കും. ഇതിന് കൃത്യമായ എൻട്രി എക്സിറ്റ് പോയന്റുകൾ നിജപ്പെടുത്തി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മണ്ഡല കാലത്ത് അരവണ അടക്കമുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊലീസ്, ഫയര്ഫോഴ്സ് തുടങ്ങിയ സേനകളെ കൃത്യമായി വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരാമത്ത് പണികള് സമയത്തിന് മുന്പ് തന്നെ തീര്ക്കാനുള്ള നടപടിക്രമങ്ങള് നടക്കുന്നുണ്ട്. പമ്പയിൽ തുണി കുമിഞ്ഞുകൂടുന്നത് കാര്യക്ഷമമായി നീക്കാനുള്ള ശ്രമം നടത്തുമെന്നും സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള് വിലയിരുത്തി മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ മാലിന്യനിര്മാര്ജനം ക്ലീന് കേരള മിഷനുമായി ചേര്ന്ന് പരിഹരിക്കും. മേഖലയില് മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ട്മെന്റിന്റെ പരിശോധന ശക്തമാക്കും. ചാലക്കയം റോഡ് റെക്കോര്ഡ് വേഗത്തിലാണ് പൂര്ത്തിയാക്കിയത്. ബാക്കി റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. എക്സൈസ് പരിശോധനയും കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളും കാര്യക്ഷമമായി പ്രവര്ത്തിക്കും. കോട്ടയം മെഡിക്കല് കോളേജ് ഉള്പ്പെടെയുള്ള എല്ലായിടങ്ങളിലും കൃത്യമായി പ്രവര്ത്തനം നടക്കും. നല്ല രീതിയില് ഈ സീസണ് കൊണ്ടുപോകാന് കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.







Comments