
കുമരകം : കേരളത്തിന്റെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഇക്കുറി കശ്മീരില്‍ നിന്നും മത്സരാര്ത്ഥികളെത്തുന്നു. ആലപ്പുഴ പുന്നമടക്കായലില്‍ തുഴയെറിയാനായി ശ്രീനഗറില്‍ നിന്നും ആലപ്പുഴയില്‍ എത്തിയ 40 കശ്മീരി യുവാക്കള്‍ തീവ്രപരിശീലനത്തിലാണ് ഇപ്പോള്‍.
ശ്രീനഗറിലെ ദാല്‍ തടാകത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെഹ്റു പാര്‍ക്ക് വാട്ടര്‍ സ്പോര്‍ട്സ് സെന്ററിലെ അംഗങ്ങളാണ് ആലപ്പുഴയിലെത്തിയ യുവാക്കള്‍. കുമരകം ടൗണില്‍ നിന്നുള്ള പ്രദേശിക തുഴക്കാരോടൊപ്പം ചേര്‍ന്നാണ് ഇവരില്‍ ഒരു വിഭാഗം മത്സരത്തില്‍ പങ്കെടുക്കുക. മറ്റു ചിലര്‍ ജീസസ് €ബ്ബ് പ്രവര്ത്തകരോടൊപ്പമായിരിക്കും മത്സരിക്കുക.
നെഹ്റു ട്രോഫി വള്ളം കളിയുടെ നിയമം അനുസരിച്ച് ഒരു ടീമിന് 25 ശതമാനം ആളുകളെ വരെ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരാം. അങ്ങനെയാകുമ്പോള്‍ കേരളത്തിനു പുറത്തു നിന്നുള്ള 20 പേര്‍ക്ക് ഒരു ടീമില്‍ അംഗമാകാം. ആസാമിലെ ഡ്രാഗണ്‍ ബോട്ട് റേസ് മത്സരത്തില്‍ വച്ചാണ് കശ്മീരി യുവാക്കളുമായി പരിചയത്തിലാകുന്നതെന്നും തുടര്‍ന്ന് ഇവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയായിരുന്നു എന്നും കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ് പരിശീലകന് സുനില്‍ കുമാര്‍ വിശദീകരിക്കുന്നു. കശ്മീരി യുവാക്കളായ തുഴക്കാരുടെ സമര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥയും തന്നെ അത്ഭുതപ്പെടുത്തിയെന്നും ചുണ്ടന് വള്ളം അവരെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നെങ്കിലും വളരെപ്പെട്ടെന്നു തന്നെ ഇതുമായി അവര്‍ യുവാക്കള്‍ പരിചയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.






